Friday, August 29

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് ; രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധന

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസുമായി ബന്ധപ്പെട്ട് അടൂരില്‍ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധന. ക്രൈം ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. ഇന്ന് പത്ത് മണിയോടെയാണ് രണ്ട് ക്രൈംബ്രാഞ്ച് സംഘങ്ങള്‍ അടൂരിലെത്തി രാഹുലുമായി ബന്ധപ്പെട്ടവരുടെ വീട്ടില്‍ പരിശോധനയ്ക്കെത്തിയത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ശനിയാഴ്ച ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അടൂരിലെ രാഹുലിന്റെ അടുപ്പക്കാരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. പ്രതികളുടെ ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിന്റെ പേര് പരാമര്‍ശിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം റേഞ്ച് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബിനുകുമാര്‍ ഇന്നലെ തന്നെ പരാതിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രണ്ട് ദിവസത്തിനകം മുഴുവന്‍ ടീമംഗങ്ങളെയും പ്രഖ്യാപിക്കും.

കേസില്‍ നിലവില്‍ 7 പ്രതികളാണ് ഉള്ളത്. വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ പൊലീസിന്റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവര്‍ വ്യാജ രേഖയുണ്ടായതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ മൊഴി. നാല് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിലാണ് വ്യാജ തിരിച്ചറിയര്‍ കാര്‍ഡിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചത്. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുമുണ്ട്.

അതേസമയം, ലൈംഗിക ആരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് കടന്നേക്കും. അനുഭവങ്ങള്‍ തുറന്നു പറഞ്ഞ റിനി ആന്‍ ജോര്‍ജ്, അവന്തിക, ഹണി ഭാസ്‌കരന്‍ എന്നിവരുടെ മൊഴി ആദ്യഘട്ടത്തിലെടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാര്‍ ഇന്നലെ പരാതിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എംഎല്‍എയുടെ മോശം പെരുമാറ്റത്തിന് ഇരയായ സ്ത്രീകള്‍ നേരിട്ട് പരാതി നല്‍കാത്തത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അനുഭവങ്ങള്‍ തുറന്നുപറഞ്ഞവരുടെ മൊഴി വേഗത്തിലെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നത്.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ചില പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്. രണ്ട് ദിവസത്തിനകം അന്വേഷണസംഘത്തെ പ്രഖ്യാപിക്കും. ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നാണ് വിവരം.

error: Content is protected !!