കുടുംബ വഴക്ക്: വയോധികൻ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീ കൊളുത്തി കൊന്നു

തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസൽ (45), ഭാര്യ ഷീബ, മക്കളായാ മെഹ്റാ (16), അസ്ന (11) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്‍റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകത്തിന് പിന്നില്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് വീടിന് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ഇയാൾ. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. 5 കുപ്പി പെട്രോൾ ഇയാൾ കരുതിയിരുന്നു. വീട് പുറത്തു നിന്നും പൂട്ടിയ ശേഷം അകത്തേക്ക് പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. അർധ രാത്രി 12.45 നാണ് സംഭവം. വീടിനകത്തെ കുടുംബം രക്ഷപ്പെടാതിരിക്കാനായി ആസൂത്രരണം ചെയ്താണ് കൃത്യം നടത്തിയത്. വെള്ളമൊഴിച്ചു തീ കെടുത്തതിരിക്കാൻ വീട്ടിലെയും അയൽ വീട്ടിലെയും ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കി വിട്ടിരുന്നു. വീണ്ടും മോട്ടോർ ഇടാതിരിക്കാനായി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. തീ പിടിച്ചതോടെ രക്ഷപ്പെടാനായി ബാത്റൂമിലേക്ക് ഓടിയ അവിടെ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടത്. തീ പിടിത്തം ഉണ്ടായതോടെ ഫൈസൽ സമീപ വാസിയെ ഫോണിൽ വിളിച്ചു സഹായം തേടുകയായിരുന്നു. നാട്ടുകാർ എത്തിയപ്പോഴും പെട്രോൾ വീട്ടിനുള്ളിലേക്ക് ഒഴിക്കുകയായിരുന്നു ഹമീദ്. ഇയാളെ തള്ളിമാറ്റി വാതിൽ ചവിട്ടി തുറന്നാണ് വീടിനുള്ളിലേക്ക് നാട്ടുകാർ കയറിയത്. അപ്പോഴേക്കും മരിച്ചിരുന്നു.

സ്വത്ത് വീതം വെച്ചതിനെ തുടർന്നുണ്ടയാ പ്രശ്നമാണ് ദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്. 2 മക്കൾക്ക് വീതം വെച്ചപ്പോൾ തറവാട് വീടും സ്ഥലവും ഫൈസലിനായിരുന്നു. ഹമീദിനെ നോക്കാമെന്ന കരാറിലായിരുന്നു ഇതെന്നും എന്നാൽ ഹമീദിനെ നോക്കിയില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം. ഇതേ തുടർന്ന് വഴക്കുണ്ടാകാറുണ്ടായിരുന്നു. ഹമീദ് വീടിന്റെ ചായ്പ്പിലാണ് താമസിച്ചിരുന്നത്.

error: Content is protected !!