1921 ലെ മലബാർ വിപ്ലവ ചരിത്രത്തെ തലമുറകളിലേക്ക് കണ്ണി ചേർക്കുന്ന ഒരു അമൂല്യ വ്യക്തിത്വം കൂടി ചരിത്രത്തിലേക്ക് യാത്രയായി.
തലമുറകൾ താണ്ടിയ വിപ്ലവ ചരിത്രം വീര്യം ചോരാതെ വിവരിച്ചിരുന്ന കവറൊടി മുഹമ്മദ് മാഷിന്റെ വിയോഗം ചരിത്രാന്വേഷികളുടെ തീരാ നഷ്ടമാണ്. ഇതോടെ അവശേഷിച്ച ഒരു ചരിത്ര സ്രോതസ് കൂടിയാണ് മൺ മറയുന്നത്.
തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ പ്രമുഖ നേതാവായിരുന്ന കാരാടൻ മൊയ്തീന്റെ മകളായ കുഞ്ഞിരിയത്തിന്റെ പേരക്കുട്ടിയാണ് മുഹമ്മദ് മാഷ്.
ആലിമുസ്ലിയാരുടെ ആത്മമിത്രവും, തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ നേതാക്കളിൽ പ്രധാനിയും ആയിരുന്നു കാരാടൻ മൊയ്തീൻ സാഹിബ് .1921ആഗസ്റ്റ് 29 ന് തിരൂരങ്ങാടി പള്ളി വളഞ്ഞ് ആലിമുസ്ലിയാരെയും അനുയായികളെയും ആക്രമിച്ച് കീഴടക്കി അറസ്റ്റു ചെയ്തു കൊണ്ടുപോകാൻ സന്നാഹമൊരുക്കി വന്ന
ബ്രിട്ടീഷ് സേനയോട് ധീരമായി പൊരുതി മരിച്ച വീര രക്തസാക്ഷിയാണ് കാരാടൻ മൊയ്തീൻ. കാരാടൻ മൊയ്തീൻ സാഹിബടക്കം ഇരുപത്തിരണ്ട് ഖിലാഫത്ത് പോരാളികളാണ് അന്നവിടെ രക്തസാക്ഷികളായത്. വീരമൃത്യു വരിച്ച ശുഹദാക്കളെ തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി പരിസരത്ത് ഖബറടക്കി.
കവറൊടി മാഷിന്റെ വലിയുമ്മയെ രണ്ടാമത് വിവാഹം കഴിച്ചത് മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബിന്റെ പ്രിയപ്പെട്ട അനുയായിയും തിരൂരങ്ങാടിയിലെ കോൺഗ്രസ് നേതാവുമായിരുന്നു പൊറ്റയിൽ മുഹമ്മദ് ആയിരുന്നു. രണ്ട് ചരിത്ര പുരുഷന്മാരുടെ പിന്മുറക്കാരനെന്ന സവിശേഷ പാരമ്പര്യം ആത്മാഭിമാനപൂർവം കൊണ്ടു നടന്നയാളാണ് കവറൊടി മുഹമ്മദ് മാഷ്.
മുഹമ്മദ് അബ്ദു റഹ് മാൻ സാഹിബ് തിരൂരങ്ങാടിയിൽ വരുമ്പോൾ കിടക്കാറുണ്ടായിരുന്ന
പൊറ്റയിൽ മുഹമ്മദ് സാഹിബിന്റെ വീട്ടിൽ അദ്ദേഹത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മരക്കട്ടിൽ ആജീവനാന്ത കാലം അഭിമാനത്തോടെ കവറൊടി മുഹമ്മദ് മാഷ് സൂക്ഷിച്ചു..
വലിയുമ്മയുടെ രണ്ടാം ഭർത്താവ് ആയ പൊറ്റയിൽ മുഹമ്മദ് സാഹിബിനെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്ത് രാജമൻട്രി ജയിലിലടക്കുകയായിരുന്നു ഏഴ് വർഷത്തോളം ജയിൽ ശിക്ഷയനുഭവിച്ച ആ ധീര ദേശാഭിമാനി 1928 ൽ ജയിലിനകത്ത് വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.
മലബാർ വിപ്ലവത്തിന്റെ നേരനുഭവങ്ങൾ കേട്ടവരും ബാല്യകാല സ്മരണകളായി സൂക്ഷിക്കുന്നവരുമായ വിലപ്പെട്ട ഈ ചരിത്ര സ്രോതസുകളെ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ചു രേഖപ്പെടുത്തി സൂക്ഷിക്കാനും പ്രയോജനപ്പെടുത്താനുമുള്ള ഗൗരവമുള്ള ശ്രമങ്ങൾ വേണ്ടത്ര നടന്നിട്ടില്ല എന്നതാണ് വേദനാജനകമായ യാഥാർഥ്യം. ചരിത്രത്തെ തമസ്കരിക്കാനും, നശിപ്പിച്ച് നുണകൾ പകരം സ്ഥാപിക്കാനും ഔദ്യോഗിക നീക്കങ്ങൾ നടക്കുന്ന ഇക്കാലത്ത് കവറൊടി മാഷിനെപ്പോലുള്ള ചരിത്രത്തിന്റെ പ്രൈമറി സോഴ്സുകളെ അർഹിക്കുന്ന മുൻഗണനയോടെ ഡോക്യുമെന്റ് ചെയ്യാനുള്ള ശ്രമങ്ങൾക്ക് വേഗതയുണ്ടാവേണ്ടിയിരിക്കുന്നു
മാഷിന്റെ മയ്യിത്ത് ഇന്ന് 11.30 ന് തിരൂരങ്ങാടി മേലേച്ചിന ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി ടി എൻ.ശിവശങ്കരൻ, ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൽ വഹാബ്, സിപിഎം നേതാവ് വി പി സോമസുന്ദരൻ തുടങ്ങിയവർ അനുശോചിച്ചു.
കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ മാപ്‌സ് അനുശോചിച്ചു.
തിരുരങ്ങാടി: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ് ) മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ: കവറൊടി മുഹമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ മാപ്സ് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു.
മുന്ന് പതിറ്റാണ്ടുകാലം
മാപ്സിന്റെ നേതൃനിരയിൽ നിന്ന്
അദ്ദേഹം നടത്തിയ നിസാർത്ഥ സേവനങ്ങൾ
എന്നും സ്മരിക്കപ്പെടുമെന്ന്
കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഡോ..എം.വി. സൈതലവി
അധ്യക്ഷത വഹിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
അരിമ്പ്ര മുഹമ്മദ്,
മുൻ ജില്ലാ പോലിസ് മേധാവി പി രാജു ,
മുൻ ഗതാഗത വകുപ്പ് ഡപ്യുട്ടി കമ്മീഷണർ എം.വി.ഷാജി,
മലപ്പുറം പ്രസ് ക്ലബ്ബ്
മുൻ ജനറൽ സെക്രട്ടറി
സുരേഷ് എടപ്പാൾ,
മജിഷ്യൻ ആർ.കെ. മലയത്ത്,
മാപ്സ് ലീഗൽ
അഡ്വസൈർ
അഡ്വ: പി.എ. പൗരൻ ,
മാപ്സ് ജില്ലാ ജനറൽ സെക്രട്ടറി
മുജീബ് താനാളൂർ, ട്രഷറർ
പുഴിത്തറ പോക്കർ ഹാജി, തിരുർ ജില്ലാ ആശുപത്രി പി.എം.ആർ വിഭാഗം മേധാവി
ഡോ.പി. ജാവേദ് അനീസ്,
പി. റൂബിന,
അരുൺ ചെമ്പ്ര,
കുഞ്ഞാലൻ വെന്നിയൂർ
,റഹിം പുക്കത്ത്, അഷറഫ് മനരിക്കൽ , മച്ചിങ്ങൽ സൈതലവി ഹാജി, പി. നഫീസ,
കെ. കാർത്തിയാനി എന്നിവർ സംസാരിച്ചു.