പൊന്നാനി : പ്രളയത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിച്ച് നല്‍കണമെന്ന അപേക്ഷയുമായാണ് വെളിയങ്കോട് 18-ാം വാര്‍ഡ് സ്വദേശി മേത്തനാട്ട് ഫരീദ മുഹമ്മദ് പൊന്നാനി മണ്ഡലം തീരസദസ്സിലെത്തിയത്. പരാതി കേട്ട് വിഷയത്തില്‍ ഉടനടി പരിഹാരം കാണാന്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കി.
2017ലാണ് ഫിഷറീസ് വകുപ്പ് നല്‍കിയ രണ്ട് ലക്ഷം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചത്. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ വീട് വെള്ളത്തില്‍ മുങ്ങുകയും രണ്ടായി പിളര്‍ന്ന് വാസയോഗ്യമല്ലാതാവുകയും ചെയ്തു. വിഷയത്തില്‍ വീട് പുനര്‍ നിര്‍മിച്ച് നല്‍കണമെന്ന അപേക്ഷയുമായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് തീരസദസ്സിലെത്തി മന്ത്രിയെ കണ്ടത്. ഇതോടെ ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗപ്പെടുത്തി ഫരീദയുടെ വീട് വാസയോഗ്യമാക്കി നല്‍കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.