കണ്ണൂര്‍ : വിവാഹ വസ്ത്രം എടുത്ത് മടങ്ങുന്നതിനിടെ കാറും ബസും കൂട്ടിയിടിച്ച് പ്രതിശ്രൂത വരന് ഗുരുതര പരിക്ക്. അമ്മയും ബന്ധുവും മരിച്ചു. കണ്ണൂര്‍ ഉളിയില്‍ പാലത്തിന് സമീപമാണ് അപകടം നടന്നത്. ഉളിക്കല്‍ കാലാങ്കി കയ്യുന്നുപാറയിലെ കെ.ടി.ബീന, ബീനയുടെ ഭര്‍ത്താവ് തോമസിന്റെ സഹോദരിയുടെ മകന്‍ മംഗളൂരു സ്വദേശി ലിജോ (37) എന്നിവരാണു മരിച്ചത്. ബീനയുടെ ഭര്‍ത്താവ് കെ.എം.തോമസ്, മകനും പ്രതിശ്രൂത വരനുമായ കെ.ടി.ആല്‍ബിന്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ 8.10 ഓടെയായിരുന്നു അപകടം. ആല്‍ബിന്റെ വിവാഹത്തിനായി കൊച്ചിയില്‍ വസ്ത്രങ്ങള്‍ എടുക്കാന്‍ പോയി കാറില്‍ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. തലശ്ശേരിയിലേക്കു പോകുകയായിരുന്ന ബസുമായി ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ കുടുങ്ങിയ യാത്രക്കാരെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു പുറത്തെത്തിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. അര മണിക്കൂറോളം ഇരിട്ടി – മട്ടന്നൂര്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.