
കൊണ്ടോട്ടി കോട്ടുക്കരയിൽ കോളേജ് വിദ്യാർത്ഥിനിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പൊലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പെൺകുട്ടി നല്‍കിയ സൂചന പ്രകാരമാണ് ഇയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയ്ക്കാണ് പെൺകുട്ടിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. ബലാത്സംഗം ചെറുത്ത പെൺകുട്ടിയെ പ്രതി കല്ലുകൊണ്ട് ഇടിച്ചും അടിച്ചും പരിക്കേല്‍പ്പിച്ചിരുന്നു.
കുതറി രക്ഷപെട്ട പെൺകുട്ടി നൂറുമീറ്റര്‍ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറിയതുകൊണ്ടാണ് രക്ഷപെട്ടത്.
സമീപത്തെ രണ്ട് വീടുകളിലും ആള്‍താമസമില്ലെന്നും ഇതറിയാവുന്ന ആളാണ് പ്രതിയെന്നുമായിരുന്നു പൊലീസ് നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. കൊണ്ടോട്ടി ഡിവൈഎസ്പി പി കെ അഷറഫിൻ്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് പെൺകുട്ടി ആശുപത്രി വിട്ടു.
വീട്ടില്‍ നിന്ന് കോളജിലേക്ക് പോകാന്‍ കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകല്‍ 12.45-ഓടെയാണ് സംഭവം. 21-കാരിയെ അക്രമി വയലിലേക്ക് വലിച്ചുകൊണ്ടുപോയി. കുതറി രക്ഷപ്പെട്ട വിദ്യാര്‍ഥിനി തൊട്ടടുത്ത വീട്ടില്‍ അഭയം തേടി.
ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ഥിനിയെ കീഴ്പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിച്ചു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു.
മുഖത്തു കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിച്ചു. ഇതോടെ പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.