Saturday, August 23

നിരോധനം മറികടന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം ; ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫറിനെതിരെ പരാതി

തൃശൂര്‍ : ഹൈക്കോടതിയുടെ നിരോധനം മറികടന്നു ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ച ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കി. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പരാതി നല്‍കിയത്. വിലക്ക് മറികടന്ന് ഗുരുവായൂര്‍ തീര്‍ത്ഥക്കുളത്തില്‍ കാല്‍ കഴുകി റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസിന് ലഭിച്ച പരാതി കോടതിക്ക് കൈമാറിയതായാണ് വിവരം.

ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും ജാസ്മിന്‍ ജാഫര്‍ വിഡിയോ ചിത്രീകരിച്ച് റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ ആറാട്ട് പോലെയുള്ള ചടങ്ങുകള്‍ നടക്കുന്ന തീര്‍ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയില്‍ വിഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ ടെംപിള്‍ പൊലീസില്‍ പരാതി നല്‍കി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദു പ്രവേശനത്തിന് വിലക്കുണ്ട്. ഇത് മറികടന്നാണ് ദൃശ്യം ചിത്രീകരിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം ഉയര്‍ത്തിക്കൊണ്ടുള്ള നടപടിയാണ് ഉണ്ടായതെന്നും പരാതിയിലുണ്ട്. കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തും.

error: Content is protected !!