
കാന്തപുരത്തിന്റെ ഇടപെടലില്‍ നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ആക്ഷൻ കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നാണ് നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം യമനില്‍ ആരംഭിച്ചത്. ഹബീബ് അബ്ദുള്‍ റഹ്‌മാന്‍ മഹ്ഷൂസിന്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്ലിന്റെ ഉന്നതതല സംഘം തലാലിന്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഗോത്ര നേതാക്കളും, തലാലിന്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചര്‍ച്ചകളില്‍ പങ്കാളികളായിരുന്നു.
ഉത്തരയമനിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിന്റെ കൊലപാതകം. ഈയൊരു സാഹചര്യത്തില്‍ തലാലിന്റെ കുടുംബവുമായി സംസാരിക്കാന്‍ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാല്‍ കാന്തപുരത്തിന്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാന്‍ സാധിച്ചു എന്നതാണ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളില്‍ നിര്‍ണ്ണായകമായത്. കേന്ദ്ര സര്‍ക്കാരിന് പോലും ഇടപെടാന്‍ പരിമിതിയുണ്ടായിരുന്ന വിഷയത്തിലായിരുന്നു കാന്തപുരം ഇടപെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ക്കുള്ള സാധ്യത തുറന്നത്.