മലപ്പുറം സിവിൽ സ്റ്റേഷനിൽ തീപിടുത്തം; ജീവനക്കാരന്റെ അവസരോചിത ഇടപെടൽ രക്ഷയായി

മലപ്പുറം: സിവിൽ സ്റ്റേഷനിലെ ബി3 ബ്ലോക്കിലെ ജില്ലാ ഐ.ടി മിഷൻ ഓഫീസ് കെട്ടിടത്തിന്റെ പുറത്ത് സ്ഥാപിച്ച എ. സി ഔട്ട്ഡോർ യൂണിറ്റിലേക്കുള്ള പവർ സപ്ലൈ കേബിളിനാണ് ഷോർട്ട് സർക്യൂട്ട് കാരണം തീ പിടിച്ചത്. ഇന്ന് (സെപ്തംബർ ഒന്ന് ) ഏകദേശം 11.30 ഓടെയാണ് കെട്ടിടത്തിൽ തീ കണ്ടത്. കെട്ടിടത്തിന് പുറത്ത് അൽപ സമയം കൊണ്ട് തന്നെ പുക നിറഞ്ഞു . ഇതിനെത്തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി. ഇതേ സമയം തൊട്ടടുത്ത പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസിലെ ജീവനക്കാരനായ സി. വിവീൻ
ഫയർ എക്സ്റ്റിoഗ്യൂഷർ ഉപയോഗിച്ച് ഉടൻ തന്നെ തീ അണച്ചു.
വിവിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ അഗ്നിബാധയാണ് ഒഴിവായത്. മുൻപ് ഫയർഫോഴ്സ് ഓഫീസിൽ ജോലി ചെയ്ത മുൻപരിചയമാണ് വിവീന് തീ അണക്കുന്നതിന് സഹായകരമായത്. കെട്ടിടത്തിൽ സ്ഥാപിച്ച ഡ്രൈ കെമിക്കൽ ഫയർ എക്സ്റ്റിoഗ്യൂഷർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. തീപടർന്ന വിവരം ഉടൻ തന്നെ ഫയർഫോഴ്സിനെ അറിയിച്ചതിനാൽ മലപ്പുറം യൂണിറ്റിലെ ഫയർ ഫോഴ്സ് യൂണിറ്റും ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി. സിവിൽ സ്റ്റേഷനിലെ കലക്ടറേറ്റ് ഓഫീസിനോട് ചേർന്നാണ് ബി 3 ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് ഡി.എം ഒ ഫീസ് ഉൾപ്പെടെയുളള പല പ്രധാന ഓഫീസുകളും പ്രവർത്തിക്കുന്നത്.
തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ഉടൻ തന്നെ ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ അഗ്നിബാധയുണ്ടായ ഓഫീസും കെട്ടിടവും സന്ദർശിച്ചു. ബി3 ബ്ലോക്കിലെ മുഴുവൻ ഓഫീസുകളിലെയും സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കലക്ടർ നിർദേശം നൽകി. ഇതോടൊപ്പം കെട്ടിടത്തിന്റെ വിവിധ ഇടങ്ങളിലായി ആറ് ഫയർ എക്സ്റ്റിംഗ്യൂഷർ സ്ഥാപിക്കാനും നിർദേശം നൽകി. കലക്ടറോടൊപ്പം എ.ഡി എം എൻ.എം മെഹ്റലി, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടർ ടി. മുരളി തുടങ്ങിയവരും സംഭവ സ്ഥലം സന്ദർശിച്ചു. സമയോചിതമായ ഇടപെടലിലൂടെ വൻ അഗ്നിബാധ ഒഴിവാക്കിയ സി.വിവീനെ കലക്ടർ അഭിനന്ദിച്ചു.

error: Content is protected !!