
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോര്‍ജ്ജ്. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെങ്കില്‍ ബാറ്ററിയുടെ തകരാര്‍ കൊണ്ടായിരിക്കാം പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് മന്ത്രി പറഞ്ഞു. പൊലീസ് ഫോറെന്‍സിക് പരിശോധനയും നടക്കുന്നുണ്ട്. എംആര്‍ഐ മെഷീന്റെ യുപിഎസ് മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. മെഡിക്കല്‍ കോളജില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊട്ടിത്തെറിച്ച യുപിഎസ് മെഷീന് 2026 ഒക്ടോബര്‍ വരെ വാറന്റിയുണ്ട്. ഇതുവരെ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്താണ് സംഭവിച്ചതെന്നു കണ്ടെത്തണം. എത്രയും പെട്ടെന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിനടുത്ത് പുക ഉയര്‍ന്നത്.
തീപിടിത്തവുമായി ബന്ധപ്പെട്ടും സംഭവസമയത്ത് മരിച്ച അഞ്ച് പേരുടെ മരണവുമായി ബന്ധപ്പെട്ടും പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. മരണം സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തും. വിദഗ്ധ ടീം തന്നെ അന്വേഷിക്കും. പോസ്റ്റ്‌മോര്‍ട്ടം വഴി തന്നെ കാരണം വ്യക്തമാകും. മറ്റു മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ടീം ആയിരിക്കും അന്വേഷിക്കുക. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും. അപകടം ഉണ്ടാകുമ്പോള്‍ 151 രോഗികള്‍ ഉണ്ടായിരുന്നു. 114 പേര്‍ ഇപ്പോഴും എംസിഎച്ചില്‍ ഉണ്ട്. 37 പേരാണ് മറ്റു ആശുപത്രികളില്‍ ഉള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ പേര്‍ പോയത് ജനറല്‍ ആശുപത്രിയിലേക്കാണ്. 12 പേര്‍ അവിടേക്ക് പോയി. സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും മറ്റുള്ളവര്‍ പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപകടം ഉണ്ടായ ബ്ലോക്ക് പഴയ പടിയാകാന്‍ സമയം എടുക്കും. വയറിങ് ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. 3 ദിവസം എങ്കിലും കഴിഞ്ഞേ ബ്ലോക്ക് സാധാരണ നിലയില്‍ ആക്കാനാകൂ. പരമാവധി വേഗത്തില്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ ചികിത്സാച്ചെലവുമായി ബന്ധപ്പെട്ട കാര്യം സ്വകാര്യ ആശുപത്രികളുമായി സംസാരിക്കും. പണമില്ലാതെ ചികിത്സ മുടങ്ങുന്ന സാഹചര്യമുണ്ടാവില്ല. രോഗികള്‍ക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരണമെങ്കില്‍ അതിനും തടസ്സമില്ല. ഏതെങ്കിലും ആശുപത്രി ചികിത്സ നിഷേധിക്കുന്നെങ്കില്‍ അവിടെ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.