മലപ്പുറം: പ്രവാസി യുവാവ് പാലക്കാട് അഗളി സ്വദേശി ജലീലിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അലി മോൻ , അൽത്താഫ് , റഫീഖ് , അനസ് ബാബു , മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. ജലീലിനെ മർദിച്ച കേസില്‍ ഈ അഞ്ചുപേരെയും ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ അനസ് ബാബുവിന്‍റെ വാടക റൂമിൽ വെച്ച് സംഘം മൂന്ന് ദിവസം ക്രൂരമായി ജലീലിനെ മർദിച്ചുവെന്ന് മലപ്പുറം എ.സ് പി അറിയിച്ചു. കൊല്ലപ്പെട്ട ജലീല്‍ സ്വര്‍ണം കടത്തിയ ആളാണെന്നും ഗോൾഡ് കാരിയറായാണ് ജലീല്‍ എത്തിതെന്നും പൊലീസ് പറഞ്ഞു.
. അബ്ദുൽ ജലീലിന്റെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അബ്ദുൽ ജലീലിനെ പ്രവേശിപ്പിച്ചത്. ജലീലിന്റെ ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. തലക്കേറ്റ ക്ഷതത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വഴിയരികിൽ പരിക്കേറ്റ് കിടന്നയാളാണെന്ന് പറഞ്ഞ് മേലാറ്റൂർ സ്വദേശി യഹ്‍യയാണ് അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ചത്. യഹ്‌യ സ്വർണക്കടത്ത് സംഘത്തിൽ പെട്ടയാളെന്നാണ് പൊലീസ് നിഗമനം. ഈ മാസം 15 നാണ് പ്രവാസിയായ അബ്ദുൽ ജലീൽ രണ്ടര വർഷത്തിന് ശേഷം നാട്ടിലെത്തിയത്.