താനൂര്‍-ബീച്ച് പരിസരത്ത് കാറിലിരിക്കുകയായിരുന്ന സ്ത്രീയുടെയും പുരുഷന്റെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് കുട്ടിച്ചിന്റെ പുരയ്ക്കല്‍ ജെയ്‌സലിനെയാണ് (37) താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രളയകാലത്ത് വെള്ളത്തിൽ അകപ്പെട്ട കൂരിയാടിന് സമീപത്തെ ഒരു കുടുംബത്തിലെ സ്ത്രീകളെ മുതുകു കാണിച്ച് ചവിട്ടി കയറാൻ സഹായിച്ചതോടെ ഏറെ പ്രശസ്തനായിരുന്നു യുവാവ്. തുടർന്നു നിരവധി അംഗീകാരങ്ങളും അനുമോദനങ്ങളും തേടിയെത്തിയിരുന്നു. ട്രോമാകെയർ, പോലീസ് വോളണ്ടയറുമായിരുന്നു ജെയ്‌സൽ.
2021 ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോയെടുത്ത് മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ഒരു ലക്ഷം രൂപ കൊടുത്തില്ലെങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കൈയിൽ പണമില്ലാതിരുന്നതിനാൽ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 5000 രൂപ നൽകിയതാണ്
യുവതിയെയും യുവാവിനെയും പോകാൻ അനുവദിച്ചത്. തുടർന്നു ഇവർ താനൂർ പോലീസിൽ പരാതി നൽകി. പ്രതി തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ ബുധനാഴ്ച താനൂർ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷകൾ നേരത്തെ കോടതികൾ തള്ളിയിരുന്നു. താനൂർ സി.ഐ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീജിത്ത് നരേന്ദ്രൻ, പി.കെ.രാജു, ഇ.എസ്.ഐ റഹീം യൂസഫ് തുടങ്ങിയവർ കേസന്വേഷണം നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.