വേങ്ങര: നോമ്പുതുറയ്ക്ക് ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ചവർക്ക് അസ്വസ്ഥതയുണ്ടായതിനാൽ പോലീസ് നിർദേശപ്രകാരം ഹോട്ടൽ അടച്ചു. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. എട്ട് പേരെ യാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ പുലർച്ചെ ഒന്നരവരെ അത്യാഹിതവിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. സംഭവം ഭക്ഷ്യസുരക്ഷാ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഊരകം ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ഹരീഷ് പറഞ്ഞു. പോലീസ് സ്ഥലം സന്ദർശിച്ച് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശിച്ചതായി സി.ഐ. എം. മുഹമ്മദ് ഹനീഫ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഇൻസ്‌പെക്ടർ സ്ഥലം സന്ദർശിച്ചു. മന്തിയിലെ ഇറച്ചിയിൽ നിന്നാണ് വിഷബാധയെന്ന് സംശയിക്കുന്നതായി ഫുഡ് സേഫ്റ്റി ഓഫീസർ പറഞ്ഞു. പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും സ്ഥാപനത്തിനെതിരെ നടപടി ആരംഭിച്ചതായും ഇദ്ദേഹം പറഞ്ഞു.