വേങ്ങര: വലിയോറ റോസ് മാനർ അഗതി മന്ദിരത്തിലെ അന്തേവാസി ഗിരിജ ഇന്നലെ രാകേഷിന്റെ കൈപിടിച്ചു സുമംഗലിയായപ്പോൾ മലപ്പുറത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിനു മറ്റൊരു തിലകക്കുറിയായി അതു മാറി. പറമ്പിൽപടി അമ്മാഞ്ചേരി ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന് ആതിഥേയരായി ഓടി നടന്നതു വേങ്ങര പഞ്ചായത്ത് 12–ാം വാർഡ് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ.
ക്ഷേത്ര ഭാരവാഹികൾക്കൊപ്പം പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവരും നവദമ്പതികൾക്ക് ആശംസയുമായെത്തി.
പിതാവ് ഉപേക്ഷിച്ചതിനെത്തുടർന്നു അമ്മ സുന്ദരിക്കും അനിയത്തി ഗീതയ്ക്കും ഒപ്പം 10 വർഷമായി റോസ് മാനറിലാണു ഗിരിജ. കോഴിക്കോട് എഡബ്ല്യുഎച്ചിന് കീഴിലുള്ള സ്ഥാപനത്തിലെ മുഴുവൻ അന്തേവാസികൾക്കും യൂത്ത് ലീഗ് കമ്മിറ്റിയാണ് ഭക്ഷണം നൽകുന്നത്. സൂപ്രണ്ട് ബി.ധന്യയുടെ സുഹൃത്തു വഴിയാണ് എടയൂർ സികെ പാറയിലെ ചന്ദനപ്പറമ്പിൽ ബാലന്റെ മകൻ രാകേഷിന്റെ വിവാഹാന്വേഷണം ഗിരിജയ്ക്കെത്തിയത്.
കല്യാണത്തിനു ക്ഷണക്കത്തടിച്ചതു യൂത്ത് ലീഗ് കമ്മിറ്റിയുടെ പേരിലായിരുന്നു. വിവാഹ ദിനത്തിൽ ബന്ധുക്കളുടെ സ്ഥാനത്ത് നിന്ന് യൂത്ത് ലീഗ് ഭാരവാഹികളായ എം.ഫത്താഹ്, സാദിഖ് എന്നിവർ ഓടി നടന്നു. പൂർണ പിന്തുണയുമായി ക്ഷേത്ര ഭാരവാഹികളും കൂടെ നിന്നപ്പോൾ നാടിന്റെ ആഘോഷമായി വിവാഹം മാറി.
വിവാഹ വസ്ത്രങ്ങൾ, 5 പവൻ സ്വർണാഭരണങ്ങൾ, എല്ലാ അന്തേവാസികൾക്കും പുതുവസ്ത്രം, 700 പേർക്ക് സദ്യ എന്നിവയും യൂത്ത് ലീഗ് ഒരുക്കി. ചടങ്ങുകൾക്ക് എളമ്പുലക്കാട്ട് ആനന്ദൻ നമ്പൂതിരി നേതൃത്വം നൽകി. ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഹസീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.പി.ഉണ്ണിക്കൃഷ്ണൻ, ടി.പി.എം.ബഷീർ, പി.അബൂബക്കർ, പറങ്ങോടത്ത് അസീസ്, ഷരീഫ് കുറ്റൂർ, എം എം കുട്ടി മൗലവി, പി എ ചെറീത്, രാധാകൃഷ്‌ണൻ മാസ്റ്റർ, പി അസിസ് ഹാജി, സി ഐ പികെ ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു