
തിരുവനന്തപുരം : കൊടിഞ്ഞി കാളംതിരുത്തി ബദൽ സ്‌കൂളിന് വീണ്ടും അംഗീകാരം. നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തി ബദൽ സ്‌കൂൾ അടച്ചുപൂട്ടന്നതിനുള്ള ഉത്തരവ് പിൻവലിക്കാൻ തീരുമാനമായി. കാളംതിരുത്തി ബദൽ സ്‌കൂളിനോടൊപ്പം അടച്ചു പൂട്ടാൻ ഉത്തരവിട്ട മറ്റു മൂന്ന് സ്‌കൂളുകൾ കൂടി തുറന്നു പ്രവർത്തിക്കാൻ തീരുമാനം ആയി. കെ. പി. എ മജീദ് എം. എൽ. എ, എ. പി അനിൽ കുമാർ എം. എൽ. എ, യു. എ ലത്തീഫ് എം. എൽ. എ എന്നിവർ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോടതിയിൽ പോയി സ്റ്റേ വാങ്ങിയ സ്കൂളുകൾക്കാണ് തുടരാൻ തീരുമാനം ആയത്. നേരത്തെ ഈ സ്‌കൂളുകളിൽ ഉണ്ടായിരുന്ന അദ്ധ്യാപകരെ ഇവിടേക്ക് നിയമിക്കാനും, മറ്റു സ്‌കൂളുകൾക്ക് നൽകുന്നത് പോലെ ഉച്ച ഭക്ഷണം ലഭ്യമാക്കാനും യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പി. കെ അബ്ദു റബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് കാളം തിരുത്തി ബദൽ സ്‌കൂളിന് സ്വന്തമായി സ്ഥലവും, കെട്ടിടവും ലഭ്യമാക്കിയിരുന്നു. സ്‌കൂളിന് ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കെ. പി. എ മജീദ്, എ. പി അനിൽ കുമാർ, യു. എ ലത്തീഫ്, വാർഡ് മെമ്പർ മുസ്തഫ നടുത്തൊടി, ബദൽ സ്കൂൾ പി. ടി. എ പ്രസിഡന്റ് ഇമ്പിച്ചി കോയ തങ്ങൾ, ടി. കെ നാസർ, ഉമ്മർ ഒട്ടുമ്മൽ എന്നിവർ പങ്കെടുത്തു.