Thursday, August 14

മാധ്യമ സ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ; പ്രതികരിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കേര’ പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങളില്‍ വരാന്‍ ഇടയായ സാഹചര്യത്തെ പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതീവ രഹസ്യ സ്വഭാവത്തിലുള്ള ഇത്തരം കത്തുകള്‍ ചോരുന്നതും അത് മാധ്യമങ്ങളില്‍ അച്ചടിച്ച് വരുന്നതും ഒരു ധനകാര്യ സ്ഥാപനത്തിന്റെ മുന്നില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത ചോര്‍ച്ചക്ക് കാരണമാവും. അത്തരം ഒരു വീഴ്ച്ച എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കുന്നത് സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഇതിനെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ ഒന്നായി ചിത്രീകരിക്കുന്നത് വ്യാജ വാര്‍ത്താ പ്രചരണം തന്നെയാണ്. തെറ്റായ രീതിയില്‍ ഒരു വാര്‍ത്ത വന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുന്നതിനേയും ഉത്തരവാദികളെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനെയും മാധ്യമ വിരുദ്ധ നീക്കം ആയി വ്യാഖ്യാനിക്കേണ്ടതില്ല. ചുമതലാ നിര്‍വഹണത്തില്‍ വീഴ്ചയോ തെറ്റായ കാര്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുക എന്നത് സ്വാഭാവിക നടപടി ക്രമം ആണ്. അത് ആരുടെയെങ്കിലും തോന്നലിന്റെയോ നിര്‍ബന്ധത്തിന്റെയോ ഫലമായി ഉണ്ടായതല്ല. നിയമപരവും ചട്ട പ്രകാരവുമുള്ള നടപടികള്‍ ആണ് സ്വീകരിച്ചിട്ടുള്ളത്. ഈ വസ്തുതാ അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരെ വിളിച്ച് വരുത്തി തെളിവ് എടുക്കും എന്ന പ്രതീതി സൃഷ്ടിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മാധ്യമങ്ങളെയും സര്‍ക്കാരിനോടുള്ള മാധ്യമ സമീപനത്തെയും മനസ്സിലാക്കുന്ന ആരും ഇത്തരം ഒരു ആരോപണം ഉന്നയിക്കില്ല. സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യം വെച്ച് നേരിട്ടും അല്ലാതെയും നിരന്തരം വ്യാജവാര്‍ത്തകളും കുപ്രചാരണങ്ങളും ഉണ്ടാകുന്നു. തെറ്റായ വാര്‍ത്തകള്‍ തെളിവ് സഹിതം പൊളിയുമ്പോഴും തിരുത്താനോ ക്ഷമ പറയാനോ തയ്യാറാവാതെ വ്യാജ പ്രചാരണം ഏതാനും മാധ്യമങ്ങള്‍ ഒരു അനുഷ്ഠാനം പോലെ തുടരുന്നു. സര്‍ക്കാര്‍ നേതൃത്വത്തെയും മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും ഹീനമായി വ്യക്ത്യധിക്ഷേപം ചെയ്യുന്ന വാര്‍ത്തകള്‍ പോലും നിര്‍ലോപം അച്ചടി മാധ്യമങ്ങളും ദൃശ്യ-ഇലക്ട്രോണിക് മാധ്യമങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നു. ഇതിനെ എല്ലാം കേസെടുത്തോ അടിച്ചമര്‍ത്തിയോ നേരിടുക എന്നതല്ല സര്‍ക്കാര്‍ നയം. കേരളീയരുടെ ഉയര്‍ന്ന മാധ്യമ സാക്ഷരതയും രാഷ്ട്രീയ ബോധ്യവും കൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയാത്തത്. വ്യാജ വാര്‍ത്തകളുടെ സ്രഷ്ടാക്കളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുക എന്ന ദൗത്യമാണ് ജനാധിപത്യപരമായി കേരളീയര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തരാവസ്ഥയും അതിന്റെ ഭാഗമായ സെന്‍സറിങ്ങും പിന്നീട് നിരവധി പത്രമാരണ നടപടികളും ഈ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം ലോക ശരാശരിയില്‍ എത്രയോ പിന്നിലാണ് എന്നതും വസ്തുതയാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരും മാധ്യമ സ്ഥാപനങ്ങളും സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയും പ്രതിസന്ധിയും നേരിടുന്നുണ്ട് .അത്തരം ഒരു നടപടിയോടും ഈ സര്‍ക്കാര്‍ യോജിക്കുന്നില്ല. അവയ്‌ക്കെതിരായ ശക്തമായ നിലപാടും സര്‍ക്കാരിനുണ്ട്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കപ്പെടും. അതേസമയം വ്യാജവാര്‍ത്തകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സര്‍ക്കാരിനെതിരെ വികാരം സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ സുവ്യക്തമായ സമീപനം. സര്‍ക്കാരിനെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ തെറ്റിധാരണജനകമായ വാര്‍ത്ത ചോര്‍ത്തി നല്‍കുന്നതും അതുവഴി സ്ഥാപനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നതും ഗൂഢപ്രവൃത്തിയാണ്. സദ്ദുദ്ദേശപരമല്ലാത്ത ഇത്തരം രീതികളോട് ഒരു വിട്ടുവീഴ്ച്ചയും സര്‍ക്കാര്‍ കാണിക്കില്ല.

ഇല്ലാത്ത ഒരു സംഭവത്തെ ഉണ്ടെന്ന് ആവര്‍ത്തിച്ചു പറഞ്ഞു പ്രചരിപ്പിച്ച്, മാധ്യമസ്വാതന്ത്ര്യം ധ്വംസിക്കപ്പെടുന്ന ഇടങ്ങളോട് കേരളത്തെ സമീകരിക്കാന്‍ ഉള്ള ശ്രമമാണ് ദൗര്‍ഭാഗ്യവശാല്‍ ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതിനെ ശക്തമായി അപലപിക്കുന്നു. കേരളത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഒരു നീക്കവും അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.

error: Content is protected !!