Saturday, July 26

ജയില്‍ ചാടി മണിക്കൂറുകള്‍ക്കകം ഗോവിന്ദ ചാമി കേരള പോലീസിന്റെ പിടിയിലെന്ന് സൂചന

കണ്ണൂര്‍: ട്രെയിനില്‍നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടിയ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി മണിക്കൂറുകള്‍ക്കകം പിടിയിലെന്ന് സൂചന. ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ ഭാഗത്ത് ഇയാളെ പുലര്‍ച്ചെ കണ്ടയാള്‍ നല്‍കിയ വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്. ഇയാളെ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും. കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഒറ്റക്കൈ കൊണ്ട് മതില്‍ചാടി രക്ഷപ്പെടുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.

തളാപ്പിലെ ആൾപ്പാർപ്പില്ലാത്ത ഒരു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 9 മണിക്ക് ഇത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ആദ്യം തളാപ്പിലെ ഒരു ചായക്കടയ്ക്ക് സമീപത്ത് നിന്നാണ് കണ്ണൂർ സ്വദേശിയായ വിനോജ് എംഎ ഇയാളെ കണ്ടത്. ഇദ്ദേഹവും മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറും ഇയാളെ പിന്തുടർന്നു. ഇവർ സംശയം തോന്നി ഗോവിന്ദച്ചാമീയെന്ന് വിളിച്ച ഉടൻ ഇയാൾ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു. ഉടൻ ടൗൺ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയായിരുന്നു.

മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിലാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് തളാപ്പിലെ വീട്ടിൽ നിന്ന് ഇയാൾ പിടിയിലായത്. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ സെല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ട വിവരം അറിയുന്നത്. ജയില്‍ അധികൃതര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

error: Content is protected !!