Monday, July 28

ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം : ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനും മാധ്യമങ്ങളോട് പ്രതികരിച്ച ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്കും സസ്പെഷന്‍

തിരുവനന്തപുരം: ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ ജയില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്കും സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണണ്‍, കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപദ്ധ്യായയാണ് സസ്പെന്‍ഡ് ചെയ്തത്.

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തുവെന്നും ജയില്‍ വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണ വിധേയമായി സത്താറിനെ സസ്‌പെന്‍ഡ് ചെയ്തത്. അബ്ദുല്‍ സത്താര്‍ നേരത്തെ കണ്ണൂര്‍ ജയിലില്‍ ജോലി നോക്കവേ ഉണ്ടായ അനുഭവങ്ങളാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്.

അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡിപിഒ രജീഷ്, എപിഒമാരായ അഖില്‍, സഞ്ജയ് എന്നിവരെ സസ്പെന്റ് ചെയ്തതായി ഡിഐജി വി ജയകുമാര്‍ ഉത്തരവിട്ടു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നായിരുന്നു ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ടിരുന്ന സഹതടവുകാരുടെയും, സസ്‌പെന്‍ഷനിലായ ജയില്‍ ഉദ്യോഗസ്ഥരുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.

error: Content is protected !!