മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചു, വിശ്വാസ വഞ്ചനയാണ് നടത്തിയത് ; ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതിയിലെത്തിച്ച സമയം മുതല്‍ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവര്‍ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. പ്രതിക്കെതിരെ 48 സാഹചര്യ തെളിവുകളാണ് ഉള്ളത്. സമര്‍ത്ഥമായ ക്രൂരകൃത്യം എന്നും കോടതി നിരീക്ഷിച്ചു. പ്രതികളോട് 259 ചോദ്യങ്ങളാണ് ചോദിച്ചത്. കേസില്‍ 57 സാക്ഷികളെ വിസ്തരിച്ചു. 556 പേജുള്ള വിധി പകര്‍പ്പാണ് കേസില്‍ വായിച്ചത്. കേസില്‍ ഒന്നാംപ്രതിയയായ ഗ്രീഷ്മയും മൂന്നാംപ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു.

കാമുകന്‍ ഷാരോണിന് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. മറ്റൊരാളുമായി ഷാരോണുമായി ഗ്രീഷ്മ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് തെളിവുണ്ട്. വിവാഹമുറപ്പിച്ചതിനു ശേഷമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. പാരസെറ്റമോള്‍ കലര്‍ത്തി ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയെന്നും കോടതി നിരീക്ഷിച്ചു. പ്രതിയ്ക്ക് കേസില്‍ പ്രായത്തിന്റെ ഇളവില്ല. പ്രകോപനമില്ലാതെയാണ് കൊലപാതകമെന്നും ഷാരോണ്‍ ഗ്രീഷ്മയെ മര്‍ദ്ധിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. അതേസമയം കേസ് അന്വേഷിച്ച സംഘത്തിനും കോടതിയുടെ അഭിനന്ദനം ലഭിച്ചു. അന്വേഷണം നടത്തി. മാറിയ കാലത്തിനനുസരിച്ച് പോലീസ് അന്വേഷണ രീതി മാറ്റിയെന്നും. ഒരു ഉദ്യോഗസ്ഥന്റെയും പേര് പറയുന്നില്ല എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും കോടതി പറഞ്ഞു.

ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പില്‍ പ്രസക്തമല്ല. അതേ സമയം സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം എന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചു വരുത്തിയത്. ജ്യൂസില്‍ എന്തോ പ്രശ്‌നങ്ങളുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു.അതുകൊണ്ടാണ് ഷാരോണ്‍ വീഡിയോ ചിത്രീകരിച്ചത് എന്നും കോടതി ചൂണ്ടിക്കാട്ടി.

11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാന്‍ ആകാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. ഗ്രീഷ്മയെ വാവ എന്നായിരുന്നു ഷാരോണ്‍ വിളിച്ചത്. പ്രകോപനമൊന്നുമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോണ്‍ മര്‍ദ്ദിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച കൗശലം വിജയിച്ചില്ല. ഒക്ടോബര്‍ 14ന് ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചപ്പോള്‍ കൊലപ്പെടുത്താന്‍ ആണ് വിളിക്കുന്നത് എന്ന് ഷാരോണിന് അറിയില്ലായിരുന്നു. സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന സന്ദേശമാണ് ഈ കേസ് നല്‍കിയത്. പ്രതിയുടെ പ്രായം കോടതിക്ക് കണക്കിലെടുക്കാന്‍ ആകില്ല. എനിക്ക് പ്രതിയെ മാത്രം കണ്ടാല്‍ പോരാ. മറ്റു കുറ്റകൃത്യത്തില്‍ നേരത്തെ ഉള്‍പ്പെട്ടിട്ടില്ല എന്ന വാദവും കണക്കിലെടുക്കാന്‍ കഴിയില്ല. ഗ്രീഷ്മ നേരത്തെ ഒരു വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തുവെന്നും കോടതി പറഞ്ഞു.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചിരുന്നു. ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയും ചെയ്തിരുന്നു. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും പഠനം തുടരണമെന്നുമായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.

അതേസമയം, ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം. ഒരു ചെറുപ്പക്കാരനെ മാത്രമല്ല, സ്‌നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ ചിന്തയാണ്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

error: Content is protected !!