സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള ഹജ് യാത്ര ; അര ലക്ഷത്തിലധികം പേരുടെ യാത്ര പ്രതിസന്ധിയിൽ

കൊണ്ടോട്ടി ∙ തീർഥാടകരുടെ സൗദിയിലെ ചെലവുകൾക്കായി മുൻകൂറായി നൽകേണ്ട തുക നിശ്ചിത സമയത്തിനകം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സൗദി സർക്കാർ യാത്ര തടഞ്ഞതോടെ, സ്വകാര്യ ഗ്രൂപ്പുകൾ വഴി അപേക്ഷിച്ച അര ലക്ഷത്തിലധികം പേരുടെ ഹജ് യാത്ര പ്രതിസന്ധിയിൽ. ഇവരിൽ 12,000 പേർ കേരളത്തിൽ നിന്നുള്ളവരാണ്. സ്വകാര്യ ഹജ് ഓപ്പറേറ്റർമാരുടെ വീഴ്ചയാണ് അരലക്ഷത്തിലേറെ സ്ലോട്ടുകൾ നഷ്ടമാകാൻ കാരണമെന്ന് കേന്ദ്ര ‍‍ന്യൂനപക്ഷ മന്ത്രാലയം വിശദീകരിച്ചു. ഇന്ത്യയുടെ പ്രത്യേക അഭ്യർഥനപ്രകാരം 10,000 പേരുടെ ക്വോട്ട പുനഃസ്ഥാപിക്കാൻ സൗദി സർക്കാർ അനുമതി നൽകിയതായും അറിയിച്ചു. കേന്ദ്രം ഹജ് ക്വോട്ട വെട്ടിക്കുറയ്ക്കുകയാണ് എന്ന തരത്തിലുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു കൊച്ചിയിൽ പറഞ്ഞു. ഹജ് കമ്മിറ്റി മുഖേനയുള്ള സീറ്റുകളിൽ ഒന്നുപോലും കുറച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ ഹജ് ക്വോട്ട വെട്ടിക്കുറച്ച വിഷയം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി തുടങ്ങിയവർ ഉന്നയിച്ചതിനു പിന്നാലെയാണ് കേന്ദ്രം വാർത്താക്കുറിപ്പ് ഇറക്കിയത്.

ഇക്കുറി 1.75 ലക്ഷമാണ് ഇന്ത്യയ്ക്ക് അനുവദിച്ച ഹജ് ക്വോട്ട. ഇതിൽ 1.22 ലക്ഷമാണ് ഹജ് കമ്മിറ്റി വഴിയുള്ള മെയിൻ ക്വോട്ട. ബാക്കി 52,507 സ്ലോട്ടുകൾ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്കായി മാറ്റിവച്ചു.

സൗദി സർക്കാരിന്റെ പരിഷ്കരിച്ച ചട്ടമനുസരിച്ച് 800 ൽ ഏറെ ഓപ്പറേറ്റർമാരെ ഒരുമിപ്പിച്ച് 26 സംയുക്ത ഹജ് ഓപ്പേറ്റർമാരായി (സിഎച്ച്ജിഒ) പരിഗണിച്ചാണ് ക്വോട്ട നൽകിയത്. എന്നാൽ സൗദി സർക്കാർ നിഷ്കർഷിച്ച സമയക്രമം പാലിക്കുന്നതിൽ ഓപ്പറേറ്റർമാർ പരാജയപ്പെട്ടു. പല തവണ ഓർമിപ്പിച്ചിട്ടും, മിനയിലെ ക്യാംപുകൾ, താമസം, ഗതാഗതം എന്നിവ സംബന്ധിച്ച കരാറുകളിൽ എത്താൻ ഇവർക്കു കഴിഞ്ഞില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

അതേസമയം, സൗദി ഹജ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനുണ്ടായ വീഴ്ചയാണു പ്രശ്നങ്ങൾക്കു കാരണമെന്ന ആരോപണവുമായി ചില ഹജ് ഓപ്പറേറ്റർമാർ രംഗത്തെത്തി. ഫെബ്രുവരിയിൽ തന്നെ എല്ലാവരും പണം അടച്ചിരുന്നുവെന്നാണ് ഇവരുടെ വാദം.

ഇത്തവണ സൗദി സർക്കാർ ഹജ് നടപടികൾ നേരത്തെയാക്കിയതിനാൽ തുക അടയ്ക്കാൻ കുറഞ്ഞ സമയമാണു ലഭിച്ചതെന്നും ബന്ധപ്പെട്ടവർ പറയുന്നു.

error: Content is protected !!