Tuesday, September 16

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസ് ; അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊല്ലം: കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതി അനുപമ പത്മന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം. ഇതേ ആവശ്യമുന്നയിച്ച് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി തള്ളിയിരുന്നു. പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.

സാമ്പത്തിക ബാധ്യത മറികടക്കാന്‍ വേണ്ടി ഒരു കുടുംബം മുഴുവന്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനും ഒന്നരമാസത്തെ അന്വേഷണത്തിനുമൊടുവില്‍ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുകയായിരുന്നു അനുപമ. അച്ഛന്‍ പത്മകുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

error: Content is protected !!