ഭാര്യയെ കുഞ്ഞിന്റെ മുമ്പിൽ വെച്ച് വെട്ടിക്കൊന്നു

പാലക്കാട്: മണ്ണാർക്കാട് കാരാകുറിശ്ശിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നിൽവെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവെയ്ക്കാൻ ശ്രമിച്ചു. എന്നാൽ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്ക്കേണ്ടെന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് ഭാര്യയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.
ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കോയമ്പത്തൂർ സ്വദേശിയാണ് ദീപിക. വർഷങ്ങളായി ബെംഗളൂരുവിൽ താമസിച്ചിരുന്ന ദമ്പതിമാർ രണ്ടുമാസം മുമ്പാണ് നാട്ടിൽ താമസം തുടങ്ങിയത്. അഗ്നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാഷ്. ഇയാൾ മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്. ഏകമകൻ ഐവിൻ.

error: Content is protected !!