30 അടിയോളം താഴ്ചയുള്ള മാലിന്യക്കുഴിയില്‍ വീണ് വീട്ടമ്മയ്ക്കു പരുക്ക്, കൂടെയുണ്ടായിരുന്ന കുട്ടികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

വെഞ്ഞാറമൂട് : റബര്‍ തോട്ടത്തില്‍ വിറക് ശേഖരിക്കുന്നതിനിടെ റബര്‍ ഷീറ്റ് വേസ്റ്റിനു വേണ്ടി നിര്‍മിച്ചിരുന്ന 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ മാലിന്യ കുഴിയില്‍ വീണു വീട്ടമ്മയ്ക്കു പരുക്കേറ്റു. പുല്ലമ്പാറ മൂന്നാനക്കുഴി പാലുവള്ളി തടത്തരികത്തു വീട്ടില്‍ ലീല(63)ക്കാണ് പരുക്കേറ്റത്. കൂടെയുണ്ടായിരുന്ന കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൂട്ടികളാണ് നാട്ടുകാരെ വിവരം അറിയിക്കുന്നത്.

വെഞ്ഞാറമൂട് അഗ്നിരക്ഷാ വിഭാഗം എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് ലാഡര്‍ ഉപയോഗിച്ച് ഇവരെ പുറത്തെടുത്തു. തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആള്‍മറ ഇല്ലാത്ത സ്ലാബ് മൂടിയ കുഴിയിലാണ് ഇവര്‍ വീണത്. അസി. സ്റ്റേഷന്‍ ഓഫിസര്‍ എ.ടി. ജോര്‍ജ്, നിസാറുദ്ദീന്‍, ഗിരീഷ്‌കുമാര്‍, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

error: Content is protected !!