
മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ ബഹുഭൂരിഭാഗം പേരും ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണ്. പലരും കൈയ്യില്‍ പണം കൊണ്ടു നടക്കാറില്ല. എല്ലാ ഇടപാടുകള്‍ക്കും ഗൂഗിള്‍ പേ ആണ് മിക്കവരും ആശ്രയിക്കുക. എന്നാല്‍ ഇനി മുതല്‍ ചില ഇടാപാടുകള്‍ക്ക് ഫീ ഈടാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍ പേ. ഇടപാടുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കാന്‍ ആരംഭിച്ചിരിക്കുകയാണ് ഗൂഗിള്‍ പേ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ചില പേയ്‌മെന്റുകള്‍ക്കാണ് കണ്‍വീനിയന്‍സ് ഫീ എന്നപേരില്‍ ഒരു നിശ്ചിത തുക ഈടാക്കുക. മുമ്പ് സൗജന്യമായിരുന്ന വൈദ്യുതി, പാചക വാതക ബില്ലുകള്‍ക്കുള്ള പേയ്‌മെന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. 0.5% മുതല്‍ 1% വരെയായിരിക്കും ഫീസ്. ഇതില്‍ ജിഎസ്ടിയും ഉള്‍പ്പെടുത്തും.
കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ബാധകമാണെങ്കിലും, ബാങ്ക് അക്കൗണ്ടുകളുമായി നേരിട്ട് ലിങ്ക് ചെയ്തിരിക്കുന്ന യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരുമെന്ന് ഗൂഗിള്‍ പേയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
ഫോണ്‍പേ, പേടിഎം പോലുള്ള മറ്റ് യുപിഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായാണ് ഗൂഗിള്‍ പേയുടെ പുതിയ നീക്കം. മുന്‍പ് വെള്ളം, പൈപ്പ് ഗ്യാസ്, വൈദ്യുതി തുടങ്ങിയ ബില്‍ പേയ്‌മെന്റുകള്‍ക്കുള്ള കാര്‍ഡ് ഇടപാടുകള്‍ക്ക് ഫോണ്‍ പേ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നുണ്ട്. സമാനമായി ഗ്യാസ്, വെള്ളം, ക്രെഡിറ്റ് കാര്‍ഡ് സെറ്റില്‍മെന്റുകള്‍ ഉള്‍പ്പെടെയുള്ള റീചാര്‍ജുകള്‍ക്കും വിവിധ ബില്‍ പേയ്‌മെന്റുകള്‍ക്കും പേടിഎം 1 രൂപ മുതല്‍ 40 രൂപ വരെ പ്ലാറ്റ്‌ഫോം ഫീസ് ചുമത്തുന്നുണ്ട്. ഇനിമുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ ഒരു ഉപഭോക്താവില്‍ നിന്ന് ഏകദേശം 15 രൂപ ‘കണ്‍വീനിയന്‍സ് ഫീസ്’ ആയി ഗൂഗിള്‍ പേ ഈടാക്കും.