
തിരുവനന്തപുരം : കേരള സർക്കാരിലെ സ്വയംഭരണസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐഎച്ച്ആർഡി) നിയന്ത്രണത്തിലുള്ള 8 ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 2025–26 ലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം, പ്രോസ്പെക്ടസ്, അപേക്ഷാഫോം എന്നിവയ്ക്കു വെബ്: http://ihrd.ac.in & ihrd.kerala.gov.in/ths.
സ്കൂളുകൾ
കലൂർ (എറണാകുളം)– 50 സീറ്റ്, ഫോൺ: 0484-2347132
പുതുപ്പള്ളി (കോട്ടയം)– 80 സീറ്റ്, 0481-2351485
വാഴക്കാട് (മലപ്പുറം)– 80 സീറ്റ്, 0483-2725215
വട്ടംകുളം (എടപ്പാൾ)– 80 സീറ്റ്, 0494-2681498
മുട്ടം (തൊടുപുഴ)– 90 സീറ്റ്, 0486–2255755
മല്ലപ്പള്ളി– 40 സീറ്റ്, 0469-2680574
കപ്രശ്ശേരി (നെടുമ്പാശേരി)– 82 സീറ്റ്, 0484-2604116
ചില സ്കൂളുകളിൽ അതതു പ്രദേശത്തെ കുട്ടികൾക്കായി അധിക സീറ്റുകളുമുണ്ട്.
സിലബസ്
8,9,10 ക്ലാസുകളിൽ സാധാരണ സ്കൂളുകളിലെ ഇംഗ്ലിഷ്, മലയാളം, സോഷ്യൽ സയൻസ്, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു പുറമേ കംപ്യൂട്ടർ സയൻസ് ആൻഡ് ഐടി, ഇലക്ട്രിക്കൽ ടെക്നോളജി, ഇലക്ട്രോണിക്സ് ട്രേഡ് തിയറി എന്നിവയും ലാബ് പരീക്ഷണങ്ങളും പരിശീലിക്കാൻ അവസരം ലഭിക്കും. പഠനമാധ്യമം ഇംഗ്ലിഷ്. 10–ാം ക്ലാസ് പൂർത്തിയാക്കുന്നവർക്ക് ബയോളജി കൈവഴിയിലും തുടർന്നു പഠിക്കാം.
2025 ജൂൺ ഒന്നിനു 16 വയസ്സു തികയരുത്. ഓരോ സ്കൂളിലും തനതായ പ്രവേശനമാകയാൽ താൽപര്യമുള്ള സ്കൂളിലേക്ക് ihrd.kerala.gov.in/ths എന്ന സൈറ്റ്‌വഴി 7ന് വൈകിട്ടു 4 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റും അനുബന്ധരേഖകളും 9നു 4 മണിക്കകം സ്കൂളിൽ നൽകണം. റജിസ്ട്രേഷൻ ഫീ 110 രൂപ; പട്ടികവിഭാഗം 55 രൂപ. ഇത് ഓൺലൈനായി സ്കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കുകയോ, ബാങ്ക് ഡ്രാഫ്റ്റായോ പണമായോ പ്രിന്റിനൊപ്പം സ്കൂളിൽ നൽകുകയോ ആകാം. ഒന്നിലേറെ സ്കൂളുകളിൽ താൽപര്യമുള്ളവർ വെവ്വേറെ അപേക്ഷിക്കണം.
സീറ്റിനെക്കാൾ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ 23ന് 1.30 മുതൽ 2 മണിക്കൂർ നേരത്തെ പ്രവേശന പരീക്ഷ നടത്തും. വാർഷികഫീസ് 8620 രൂപ. ഇതിൽ 4620 രൂപ പ്രവേശനസമയത്ത് അടയ്ക്കണം.
3 വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടിഎച്ച്എസ്എസ്എൽസി ലഭിക്കും. ഇത് എസ്എസ്എൽസിക്കു തുല്യമാണ്. ഈ സർട്ടിഫിക്കറ്റുള്ളവർക്ക് പോളിടെക്നിക് കോളജ് പ്രവേശനത്തിന് 10% സംവരണമുണ്ട്. അതേ സ്കൂളിൽ തുടർന്ന് 11,12 ക്ലാസുകളിൽ പഠിക്കാനും കഴിയും.