മുന്നിയൂരിൽ അനധികൃത മണൽകടത്ത് പിടികൂടി

മൂന്നിയൂർ പാറക്കടവ് കിഴക്കൻ തോടിന് സമീപം അനധികൃതമായി കൂട്ടിയിട്ട രണ്ട് ലോഡ് മണൽ റവന്യൂ വകുപ്പ് അധികൃതർ പിടികൂടി.
പാറക്കടവ് ഓട് നിർമ്മാണ കമ്പനിക്ക് സമീപം കുറ്റിക്കാട് ചേലക്കൽ കടവിലാണ് അനധികൃത മണൽ കൂട്ടിയിട്ടിരുന്നത്.കടലുണ്ടി പുഴയിൽ പാറക്കടവ് ഭാഗത്ത് നിന്നും മണലെടുത്ത് ആളൊഴിഞ്ഞ ഭാഗമായ ഇവിടെനിന്ന് മണൽ കയറ്റിപോവുന്നുണ്ടെന്ന് കടലൂണ്ടിപുഴ സംരക്ഷണ സമിതിയും നാട്ടുകാരും ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത മണൽ കണ്ടെത്തിയത്.കലക്ടറുടെ നിർദേശത്തെ തുടർന്ന് മൂന്നിയൂർ വില്ലേജ് ഓഫീസർ സൽമ വർഗീസ്,സ്പെഷൽ വില്ലേജ് ഓഫീസർ വേണുഗോപാൽ എന്നിവരാണ് മണൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണൽ വാർഡ് മെമ്പർ ശംസുദ്ധീൻ മണമമലിന്റെ സാന്നിധ്യത്തിൽ റവന്യൂ അധികൃതർ വെള്ളത്തിലേക്ക് തന്നെ നിക്ഷേപിച്ചു. അധികൃതർ എത്താൻ വൈകിയതിനാൽ മണലെടുപ്പിന് ഉപയോഗിക്കുന്ന തോണികൾ കടവിൽ നിന്നും മണലെടുക്കുന്നവർ മാറ്റിയതിനാൽ പിടികൂടാൻ സാധിച്ചില്ല.പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഇവിടെ തിരൂരങ്ങാടി പോലീസ് പരിശോധനക്കെത്തിയിരുന്നെങ്കിലും മണലെടുക്കുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.
കടലൂണ്ടി പുഴയിൽ കൂരിയാട് മുതൽ മണ്ണട്ടാംപാറ വരെയുള്ള സ്ഥലങ്ങളിൽ താൽക്കാലിക കടവുകൾ സ്ഥാപിച്ച് വ്യാപകമായ അനധികൃത മണലെടുപ്പ് നടന്ന് വരുന്നുണ്ട്.കടലുണ്ടി പുഴ സംരക്ഷണ സമിതിയുടെയും നാട്ടുകാരുടെയും ഇടപെടലിനെ തുടർന്ന് പോലീസ് റവന്യൂ അധികൃതരുടെ പരിശോധനകളെ തുടർന്ന് ഇടക്കാലത്ത് മണലെടുപ്പ് ഇല്ലായിരുന്നു.എന്നാൽ റവന്യൂ,പോലീസ് അധികൃതരുടെ പരിശോധന കുറഞ്ഞതോടെ മണൽ ലോബി സജീവമാവുകയും രാത്രി സമയങ്ങളിൽ മണലടിക്കൽ നിർബാധം തുടരുകയും ചെയ്യുകയാണ്.റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വ്യാജ നമ്പർ പ്ലൈറ്റ് വെച്ച വാഹനങ്ങളിലാണ് മണൽ വിതരണം നടക്കുന്നത്. അനധികൃത മണലെടുപ്പ് നടക്കുന്നതിനാൽ വർഷകാലങ്ങളിൽ പുഴയുടെ ഇരു കരകളും ഇടിയുകയും വേനൽ കാലത്ത് സമീപപ്രദേശങ്ങളിലെ കിണറുകളിൽ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയും ഉണ്ടാവുന്നുണ്ട്.
പോലീസ് റവന്യൂ അധികൃതരുടെ പരിശോധന കൂടുതൽ ശക്തമാക്കിയാൽ അനധികൃത മണലെടുപ്പ് ഒരു പരിധിവരെ തടയാൻ സാധിക്കുമെന്ന് കടലൂണ്ടിപുഴ സംരക്ഷണ സമിതി ഭാരവാഹികളും നാട്ടുകാരും പറഞ്ഞു.

error: Content is protected !!