തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ രാജ് വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി ഇന്നു വിധി പറയും. കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കാമുകനായ മുര്യങ്കര ജെപി ഹൗസില്‍ ജെ.പി.ഷാരോണ്‍ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയതെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി.
ഷാരോണും ഗ്രീഷ്മയുമായി വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങള്‍ക്കു സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്മയ്ക്കു വാങ്ങി നല്‍കിയത് നിര്‍മല കുമാരന്‍ നായരാണ് എന്നും പൊലീസ് കണ്ടെത്തി.
2022 ഒക്ടോബര്‍ 14നായിരുന്ന ഷാരോണ്‍ കഷായം കുടിച്ചത്. അവശനിലയിലായി പല ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് 25നു ഷാരോണ്‍ മരിച്ചു. ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച് ഷാരോണ്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ രക്ഷപ്പെടാന്‍ ഗ്രീഷ്മ ശ്രമിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിര്‍ണായകമായത്. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഒക്‌ടോബര്‍ 30ന് ഗ്രീഷ്മ കുറ്റം സമ്മതിച്ചു. തൊട്ടടുത്ത ദിവസം അറസ്റ്റിലായ ഗ്രീഷ്മ പൊലീസ് സ്‌റ്റേഷന്റെ ശുചിമുറിയില്‍ അണുനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഒരു വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണു ഗ്രീഷ്മയ്ക്കു ജാമ്യം ലഭിച്ചത്. ഗ്രീഷ്മ നല്‍കിയ കഷായമാണ് താന്‍ കുടിച്ചതെന്നു ഷാരോണ്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കളനാശിനി കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ഗ്രീഷ്മ ചതിച്ചതായി സുഹൃത്ത് റെജിനോടും മരണത്തിന് രണ്ട് ദിവസം മുന്‍പ് പിതാവ് ജയരാജിനോടും ഷാരോണ്‍ പറഞ്ഞു.
2023 ജനുവരി 25ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേരളത്തില്‍ വിചാരണ നടത്താന്‍ കഴിയില്ലെന്ന് പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ വഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് വിസ്തരിച്ചത്. അമിത അളവില്‍ ഗുളികകള്‍ കലര്‍ത്തിയ ജൂസ് കുടിപ്പിക്കല്‍ ചാലഞ്ച് നടത്തി ഷാരോണിനെ കൊലപ്പെടുത്താന്‍ കൊലപാതകത്തിനു രണ്ടു മാസം മുന്‍പും ഗ്രീഷ്മ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കയ്പു കാരണം ഷാരോണ്‍ അന്ന് അതു തുപ്പിക്കളഞ്ഞു. അമിത അളവില്‍ ഈ മരുന്നു കഴിച്ചാലുള്ള ആഘാതങ്ങളെക്കുറിച്ച് ഈ സംഭവം നടന്ന ദിവസം രാവിലെ ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരതിയത് പൊലീസ് കണ്ടെത്തി. ഷാരോണിന് വിഷം നല്‍കിയ ദിവസം രാവിലെയും വിഷത്തിന്റെ പ്രവര്‍ത്തന രീതിയെപ്പറ്റി ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരച്ചില്‍ നടത്തി. പലതവണ അഭ്യര്‍ഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ തിരികെ നല്‍കാത്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു ഗ്രീഷ്മയുടെ മൊഴി.
ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍ രാജ്. ഗ്രീഷ്മ 22ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിനീത് കുമാര്‍ ഹാജരായി.