
കോഴിക്കോട് : രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിസിൻ വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥ. വരാന്തയിലെ തറയിൽ പായ വിരിച്ചാണ് രോഗികൾ കിടക്കുന്നത്. അത്യാഹിത വിഭാഗം തിരിച്ച് എംസിഎച്ചിലെ പഴയ കാഷ്വാൽറ്റിയിലേക്ക് മാറ്റിയതോടെ, തറയിൽ കിടന്നിരുന്ന രോഗികൾക്ക് ആശ്വാസമായിരുന്ന ഇടവും നഷ്ടമായി. നിത്യേന അറുനൂറിലേറെ രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.
കാലവർഷമെത്തുന്നതോടെ വിവിധ പകർച്ചവ്യാധികൾ വർദ്ധിക്കും. വാർഡുകൾ അണുവിമുക്തമാക്കുന്ന പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. മഴക്കാല പൂർവ ശുചീകരണവും ബോധവൽക്കരണവും അടിയന്തരമായി നടപ്പിലാക്കണമെന്ന് മെഡിസിൻ വിഭാഗം മേധാവി പറഞ്ഞു. പിഎംഎസ്എസ് വൈ ബ്ലോക്കിലെ 2 തീപിടുത്തത്തിന് ശേഷം രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ആശുപത്രി കെട്ടിടം പൂർവ്വസ്ഥിതിയിലെത്തുന്നതിൽ അനിശ്ചിതത്വം തുടരുമ്പോൾ രോഗികളാണ് ഏറെ ദുരിതം നേരിടുന്നത്.