ഇന്ത്യന്‍ സ്പിന്‍ ബൗളിംഗിലെ തലവര മാറ്റി മറിച്ച ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിംഗ് ബേദി അന്തരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിംഗ് ബേദി (77) അന്തരിച്ചു. 22 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച താരമാണ് ബിഷന്‍ സിംഗ് ബേദി. ഇടങ്കയ്യന്‍ സ്പിന്നറായ ബേദി 1946 സെപ്തംബര്‍ 25ന് അമൃത്സറിലാണ് ജനിച്ചത്. 1966ല്‍ അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചു. 1979 വരെ ഇന്ത്യക്ക് വേണ്ടി ബേദി കളിച്ചു. ഇക്കാലയളില്‍ ഇന്ത്യന്‍ ജേഴ്സിയില്‍ 67 ടെസ്റ്റുകള്‍ കളിച്ച ഇതിഹാസ സ്പിന്നര്‍ 266 വിക്കറ്റുകള്‍ വീഴ്ത്തി. പത്ത് ഏകദിനങ്ങളില്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി. എറാപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖര്‍, എസ് വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ വകുപ്പിന്റെ തലവരമാറ്റിയ താരമാണ് ബേദി.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 1975ലെ പ്രഥമ ഏകദിന ലോകകപ്പിലായിരുന്നു അത്. ഈസ്റ്റ് ആഫ്രിക്കക്കെതിരെ 12 ഓവറില്‍ 8 മെയ്ഡനടക്കം 6 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. അന്ന് ഈസ്റ്റ് ആഫ്രിക്കയെ 120 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 1976ല്‍ ഇന്ത്യയെ നയിക്കാനും ബേദിക്കായി.

1966ല്‍ വെസ്റ്റ ഇന്‍ഡീസിനെതിരെയായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് വിക്കറ്റ് നേടാന്‍ ബേദിക്കായി. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങാനും ബേദിക്കായിരുന്നു. പഞ്ചാബിലാണ് ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയാണ് ബേദി കളിച്ചത്. വിരമിച്ചതിനു ശേഷം ക്രിക്കറ്റ് പരിശീലകനായി. ക്രിക്കറ്റ് മത്സരങ്ങളില്‍ കമന്റേറ്ററായും ബേദി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിരവധി സ്പിന്‍ ബൗളര്‍മാരുടെ ഉപദേശകനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യയിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കളിയില്‍ നിന്ന് വിരമിച്ച ശേഷവും, ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവിധ മേഖലകള്‍ കൈകാര്യം ചെയ്തു. രാജ്യത്തെ ക്രിക്കറ്റ് ഇതിഹാസത്തിന്റെ വിയോഗത്തില്‍ പ്രമുഖ താരങ്ങളെല്ലാം ദുഃഖം രേഖപ്പെടുത്തി. മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ അടക്കമുള്ള താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തി.

error: Content is protected !!