സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന വിധത്തില്‍ പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ കാട്ടിലങ്ങടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘നിറവ്-2023’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ വികസന പദ്ധതികള്‍ കൊണ്ടുവരുമെന്നും പദ്ധതി വിജയിക്കാന്‍ അധ്യാപകരുടെ പൂര്‍ണ പിന്തുണ കൂടി ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠനപരിപോഷണ പരിപാടി (എസ്.ഇ.പി), മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ പദ്ധതി, സമഗ്ര ശിക്ഷാ കേരളയുടെ ടിങ്കറിംഗ് ലാബ് പദ്ധതി, ഐ.ടി- ലാംഗ്വേജ് ലാബ്, മള്‍ട്ടിമീഡിയ ഹാള്‍, സ്പോര്‍ട്സ് റൂം, സയന്‍സ് ലാബ്, ലൈബ്രറി, മോഡല്‍ ഇന്‍ക്ലൂസീവ് സ്‌കൂള്‍ റിസോഴ്സ് റൂം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ സൗജന്യ യൂണിഫോം-പുസ്തക വിതരണം എന്നിവയുടെ ഉദ്ഘാടനവും ശതാബ്ദി തനത് അക്കാദമിക പദ്ധതിയായ ടാലന്റ് ബാങ്ക്, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികള്‍ക്കും കായിക പ്രതിഭകള്‍ക്കുമുള്ള അനുമോദനവും, തനത് പഠനപിന്തുണാ പദ്ധതിയായ ‘ഒപ്പം ഒപ്പത്തിനൊപ്പ’ത്തിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും നടന്നു. 18 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടത്തിയത്.
താനൂര്‍ നഗരസഭാ അധ്യക്ഷന്‍ പി.പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി. ബിന്ദു സ്വാഗതം പറഞ്ഞു. പ്രവര്‍ത്തനോദ്ഘാടനം നടത്തുന്ന വിവിധ പദ്ധതികളുടെ റിപ്പോര്‍ട്ട് സ്റ്റാഫ് സെക്രട്ടറി എന്‍.എന്‍ സോയ അവതരിപ്പിച്ചു. നഗരസഭാ ഉപാധ്യക്ഷ സി.കെ സുബൈദ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ജയപ്രകാശ്, സുചിത്ര സന്തോഷ്, ആരിഫ സലിം, രാധിക ശശികുമാര്‍, എം.പി നാരായനുണ്ണി, ടി. രത്നാകരന്‍, കെ. കുഞ്ഞികൃഷ്ണന്‍, അലി ചിത്രംപള്ളി, എം അജിത്ബാല്‍, എം.പി റോജന്‍, കെ.എം ഹസന്‍, റഹ്‌മത്ത് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ.കെ സുധാകരന്‍ നന്ദി പറഞ്ഞു.