
കൊടിഞ്ഞി: എം.എ ഹയർസെക്കണ്ടറി സ്കൂൾ അറബിക് ക്ലബ്ബ്
സംഘടിപ്പിച്ച ഇശൽ മൽഹാർ മാപ്പിളപ്പാട്ട് മത്സരം സമാപിച്ചു. ഈണവും താളവും രാഗവും സ്വരവും വാശിയും ആവേശവും നിറഞ്ഞ ഒരു പകൽ നീണ്ടു നിന്ന മൽസരത്തിനാണ് പ്രോജ്ജ്വല പരിസമാപ്തിയായത്.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഇരുപതിൽ അധികം
സ്കൂളിൽ നിന്നും അമ്പതോളം വിദ്യാർത്ഥികളാണ് മൽസരത്തിൽ മാറ്റുരച്ചത്.
എൽ.പി, യുപി, എച്ച്.എസ് എന്നീ മൂന്ന് വിഭാഗങ്ങളായി ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്തിയ വിദ്യാർത്ഥികളെയാണ് മൽസരത്തിനായ് തെരഞ്ഞെടുത്തത്.
വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8
മാപ്പിളപ്പാട്ടിന്റെ തനിമയും സൗന്ദര്യവും ഒട്ടും ചോരാതെ വാശിയേറിയ മത്സരമാണ് വിദ്യാർത്ഥികൾ കാഴ്ച വെച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മൽസരം രാവിലെ പത്ത് മണിക്ക് ആരംഭിച്ചു വൈകിട്ട് നാലര മണിയോടെ സമാപിച്ചു. സമാപന സംഗമത്തിൽ കേരളത്തിലെ പ്രശസ്ത ഗായിക അസിൻ വെള്ളില മുഖ്യാതിഥി പങ്കെടുത്തു. പ്രശസ്തഗാന രചയിതാക്കളും പരിശീലകരും വിധികർത്താക്കളുമായ എൻ.എ മാവണ്ടിയൂർ, അലി ബാവ എന്നിവർ മൽസരം വിധി നിർണയം നടത്തി. മനോഹരമായ വരികൾ കൊണ്ട് പ്രേക്ഷകരെ നിമിഷനേരം കൊണ്ട് കയ്യിലെടുത്ത അസിൻ
ശ്രോതാക്കളുടെ അഭ്യർത്ഥന മാനിച്ച് ഏറെ നേരം അവരെ സന്താഷിപ്പിക്കുന്ന ഗാനങ്ങൾ കൊണ്ട് അനുഗ്രഹിച്ചു. ഇശൽ മൽഹാർ മാപ്പിളപ്പാട്ട് മത്സരത്തോനടനുബന്ധിച്ച് സ്റ്റാറ്റസ് ഡേ ആചരണം, പോസ്റ്റർ പ്രചരണം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പതിനാല് വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.പി വിഭാഗത്തിൽ ഫാത്തിമ സന .ടി എം.സ്.ഐ.എച്ച്.എസ് കുണ്ടൂർ, നിയ ഫാത്തിമ എം.എ.എച്ച്.എസ്.എസ് കൊടിഞ്ഞി, ഹന ഫാത്തിമ എ.എം.എൽ.പി.എസ് വെള്ളിയാംമ്പുറം യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ മുഹമ്മദ് സിനാൻ ജി.എം.യു.പി കൊടിഞ്ഞി, റഹീസ് ഇ.എം.എച്ച്.എസ്.എസ് ഗാർഡൻ വാലി കുറ്റിപ്പാല, ഷഹർഷദ എം.എ.എച്ച്.എസ്.എസ് കൊടിഞ്ഞി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ മിഷാൽ ഖുതുബുസ്സമാൻ സ്കൂൾ ചെമ്മാട് ഒന്നാം സ്ഥാനവും ഫാത്തിമ സൻഹ ഇ.എം.എച്ച്.എസ്.എസ് ഗാർഡൻ വാലി കുറ്റിപ്പാല രണ്ടാം സ്ഥാനവും മുഹമ്മദ് സിയാൻ കെ.വി കെ.എച്ച്.എം.എച്ച്.എസ്.എസ് വാളക്കുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സംഗമം സ്കൂൾ ജനറൽ സെക്രട്ടറി പത്തൂർ സാഹിബ് ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പനക്കൽ മുജീബ് അധ്യക്ഷത വഹിച്ചു. അസിൻ വെള്ളില മുഖ്യാതിഥി ആയി പങ്കെടുത്തു. പ്രിൻസിപ്പൽ നജീബ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ തേറാമ്പിൽ, സദർ മുഅല്ലിം ജാഫർ ഫൈസി, സ്റ്റാഫ് സെക്രട്ടറി നിസാർ മാസ്റ്റർ, അറബിക് ക്ലബ്ബ് കൺവീനർ ശാഫി വാഫി, മെമ്പർമാരായ റഫീഖ് റഹ്മാനി, സ്വാദിഖ് ഹുദവി, ജാബിർ വാഫി, ഹാദിയ ടീച്ചർ, ഫാത്തിമ ടീച്ചർ , മറ്റു അധ്യാപകരും പങ്കെടുത്തു.
ചടങ്ങിൽ മുഴുവൻ വിജയികൾക്കും മൊമൻറോയും സർട്ടിഫിക്കറ്റുകളും വിതരണം നടത്തി. സ്റ്റാറ്റസ് വിജയിയായി തെരഞ്ഞെടുക്കപ്പെട്ട അനീസ് എം.പി ക്കുള്ള മൊമൻറോ എൽ.കെ.ജി വിദ്യാർഥിനി അമാനി മറിയം പിതാവിന് വേണ്ടി ഏറ്റുവാങ്ങി.