താമര വിട്ട് കൈ പിടിച്ച് ജഗദീഷ് ഷെട്ടര്‍ ; കര്‍ണാടക മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസില്‍, ബിജെപിക്ക് തിരിച്ചടി

ബെംഗലൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസില്‍. തുറന്ന മനസ്സോടെയാണ് കോണ്‍ഗ്രസിലെത്തിയതെന്നും തന്നെ കോണ്‍ഗ്രസ് ഹൃദയപൂര്‍വം സ്വാഗതം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക പിസിസി ഓഫിസില്‍ എത്തിയ ഷെട്ടര്‍ അംഗത്വം സ്വീകരിച്ചു. ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെട്ടര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് വിവരം.

തന്നെ ക്ഷണിച്ചത് മല്ലികാര്‍ജുന്‍ ഖര്‍ഗെ മുതല്‍ ഡി കെ ശിവകുമാര്‍ വരെയുള്ള നേതാക്കള്‍ ഒന്നിച്ചാണെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷെട്ടര്‍ പറഞ്ഞു. മുതിര്‍ന്ന ദേശീയ, സംസ്ഥാന നേതാക്കന്മാരുടെ സാന്നിധ്യത്തിലാണു ഷെട്ടറിന്റെ കോണ്‍ഗ്രസ് പ്രവേശനം. അര്‍ധരാത്രി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഷെട്ടറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ തീരുമാനം ഉണ്ടായത്.

ഷെട്ടര്‍ കോണ്‍ഗ്രസിന് മുന്നില്‍ ഒരു ഡിമാന്‍ഡുകളും മുന്നോട്ട് വച്ചിട്ടില്ലെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഒന്നും ഷെട്ടറിന് ഓഫര്‍ ചെയ്തിട്ടുമില്ല. കോണ്‍ഗ്രസില്‍ ചേരാന്‍ ഷെട്ടര്‍ സ്വമേധയാ തീരുമാനമെടുത്തതാണെന്നും ശിവകുമാര്‍ പറഞ്ഞു. ലിംഗായത്ത് നേതാവായ ഷെട്ടര്‍ പാര്‍ട്ടിയിലേക്കു വരുന്നത് ബിജെപി ശക്തികേന്ദ്രമായ ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രലിലെ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് കരുത്തേകും. ആറു തവണയാണ് ഷെട്ടര്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ രോഷാകുലനായാണ് ഷെട്ടര്‍ പാര്‍ട്ടി വിട്ടത്. 67-കാരനായ ഷെട്ടറിന് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് തനിക്ക് എംഎല്‍എ സീറ്റ് തന്നെ വേണമെന്ന നിര്‍ബന്ധത്തില്‍ ഷെട്ടര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.

error: Content is protected !!