
സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒഴിവുള്ള മൂന്ന് ഒഴിവുകളിലേക്ക് ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി, സിപിഐ നേതാവ് പി പി സുനീര്‍, യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാന്‍ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്നുമണിക്ക് അവസാനിച്ചിരുന്നു. മറ്റാരും പത്രിക നല്‍കാത്തതിനാല്‍, സമയപരിധി അവസാനിച്ചശേഷം ഇവര്‍ മൂന്നുപേരും എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യസഭയില്‍ കേരളത്തില്‍ നിന്നും ഒമ്പത് എംപിമാരാണുള്ളത്.
എല്‍ഡിഎഫില്‍ രാജ്യസഭാ സീറ്റിനായി തര്‍ക്കം ഉടലെടുത്തതോടെ സിപിഎം സ്വന്തം സീറ്റ് ജോസ് കെ മാണിക്ക് വിട്ടുനല്‍കുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ ഘടക കക്ഷി ആയിരുന്നപ്പോള്‍ 2009 മുതല്‍ 2018 വരെ ലോക്‌സഭയിലും 2018 മുതല്‍ 2021 വരെ രാജ്യസഭയിലും അംഗമായിരുന്നു. അംഗത്വം രാജിവച്ച് ഇടതു മുന്നണിയിലേക്ക് ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേയ്ക്ക് ഇടതു മുന്നണി ജോസ് കെ മാണിയെ തന്നെ വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുത്തു. 2021 നവംബര്‍ 28 മുതല്‍ ഇടതു മുന്നണിയുടെ രാജ്യസഭാംഗമായിരുന്നു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ പി പി സുനീര്‍. നിലവില്‍ ഹൗസിങ് ബോര്‍ഡ് ചെയര്‍മാനാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു.
രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് നേതാവ് ഹാരിസ് ബീരാന്‍, സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമാണ്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളില്‍ മുസ്ലിം ലീഗിന് വേണ്ടി സുപ്രിംകോടതിയില്‍ നിലകൊണ്ട ഹാരിസ് ബീരാന്‍ എം എസ് എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങള്‍
സിപിഎം- 3 (ജോണ്‍ ബ്രിട്ടാസ്, വി ശവദാസന്‍, എ എ റഹീം)
സിപിഐ- 2 (പി സന്തോഷ് കുമാര്‍, പി പി സുനീര്‍)
മുസ്ലിം ലീഗ് – 2 (പി വി അബ്ദുല്‍ വഹാബ്, അഡ്വ. ഹാരിസ് ബീരാന്‍)
കോണ്‍ഗ്രസ്- 1 (ജെബി മേത്തര്‍)