പെരിന്തൽമണ്ണ ഒലിങ്കര നിവാസികളിപ്പോൾ നടന്നു പോകുമ്പോൾ പോലും ഹെൽമറ്റ് ധരിക്കേണ്ട അവസ്ഥയിലാണ്. പൊലീസിനെ പേടിച്ചല്ല. പകരം കാക്കളെ പേടിച്ചാണ് ! ഒലിങ്കര സ്വദേശി അമ്പലപ്പറമ്പിൽ അബ്ബാസിന്റെ വീടുപണി നടക്കുന്നിടത്ത് തമ്പടിച്ച കാക്കക്കൂട്ടമാണ് ഇപ്പോൾ നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.
തന്റെ വീടുപണി നടക്കുന്നയിടത്തേക്ക് ഒന്ന് വന്ന് പോകണമെങ്കിൽ നിർബന്ധമായും ഹെൽമറ്റ് ധരിക്കേണ്ട ദുരവസ്ഥയിലാണ് അബ്ബാസിപ്പോൾ..ഇല്ലെങ്കിൽ ഉറപ്പായും തലയിൽ കാക്കയുടെ കൊത്തേൽക്കും…ഈ പ്രദേശത്ത് കൂടുകൂട്ടിയ രണ്ടു കാക്കകളാണ് നാട്ടുകാർക്ക് ഭീഷണിയായിരിക്കുന്നത്.
കാക്കകളുടെ ആക്രമം സഹിക്കവയ്യാതെ ഇവിടെ ജോലിക്കെത്തിയ പണിക്കാരിൽ ഒരാൾ കാക്കകളുടെ കൂട് തളളിയിടാൻ ശ്രമിച്ചതോടെ ആക്രമണം വീണ്ടും ശക്തമായി. ഇപ്പോൾ ആർക്കും ഇതുവഴി നടക്കാനാകാത്ത അവസ്ഥയാണ്.
മനുഷ്യരെ മാത്രമല്ല കഴിഞ്ഞ ദിവസം ഇവിടെയെത്തിയ തെരുവ് നായയെയും കാക്കകൾ കൊത്തിപരുക്കേൽപ്പിച്ചിരുന്നു. കാക്കകളുടെ ശല്യത്തിൽ പൊറുതിമുട്ടിയ നാട്ടുകാർ അവസാനമാർഗമെന്ന നിലയിൽ നഗരസഭാ അധികൃതരെ സമീപിക്കാനൊരുങ്ങുകയാണിപ്പോൾ.