കളമശ്ശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍

കൊച്ചി:കളമശ്ശേരി സ്‌ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അറസ്റ്റില്‍. യുഎപിഎ, സ്‌ഫോടക വസ്തു നിയമം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപമുള്ള ക്യാമ്പിലാണ് ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് പറയുന്നത്. നാളെ രാവിലെയോടെയായിരിക്കും പ്രതിയെ കോടതിയില്‍ ഹാജരാക്കുക. പൊലീസിന്റെ ഉന്നത തല യോഗത്തിനുശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിയെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്നതിന് പിന്നാലെ തൃശ്ശൂരിലെ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയാണ് എറണാകുളം കടവന്ത്ര സ്വദേശിയായ മാര്‍ട്ടിന്‍ ഡൊമിനിക് കീഴടങ്ങിയത്. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച പൊലീസ് പ്രതി ഡൊമിനിക് മാര്‍ട്ടിനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനുശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത ഡൊമിനികിനെ വിശദമായി ചോദ്യം ചെയ്തുവരുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് ആകെ 21 പേരാണെന്ന് ഏറ്റവും പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍. 16 പേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും 10 ശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കളമശേരി സ്ഫോടനത്തില്‍ പൊള്ളലേറ്റവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊള്ളലേറ്റവരെ പരിചരിക്കുന്ന എല്ലാ ആശുപത്രികളും ഡോക്ടര്‍മാരും നല്ല അര്‍പ്പണ ബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. നല്ല പരിചരണമാണ് ചികിത്സയിലുള്ളവര്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും ബന്ധുക്കളെയും കളമശേരി മെഡിക്കല്‍ കോളേജ്, കാക്കനാട് സണ്‍റൈസ് ആശുപത്രി, പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിസിറ്റി, രാജഗിരി ആശുപത്രി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ചിലര്‍ പൂര്‍ണ അപകടാവസ്ഥയില്‍ നിന്നു മുക്തരായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അപകടം ഉണ്ടായാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് മതിയായ ബോധവത്ക്കരണം ലഭിച്ചിരുന്നു. ഇത് സ്‌ഫോടന സമയത്ത് പുറത്തേക്ക് രക്ഷപ്പെടുന്നത് എളുപ്പമാക്കി. തിക്കിലും തിരക്കിലും പെട്ടുള്ള അപകടവും ഒഴിവായി. ഇത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!