മതഭീകരവാദത്തിന്റെ കേന്ദ്രമായി കേരളം മാറി, പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കും : കെ.സുരേന്ദ്രന്‍

കൊച്ചി: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം വലിയ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി ഭരണരംഗത്ത് പരാജയപ്പെട്ട രണ്ട് മുന്നണികളും ഇതുവരെ മുന്നോട്ട് പോയത് ന്യൂനപക്ഷ കേന്ദ്രീകൃതമായ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉറപ്പിലായിരുന്നു. എന്നാല്‍ രണ്ട് പ്രധാന ന്യൂനപക്ഷ വിഭാഗങ്ങളും ഈ മുന്നണികളെ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കൊച്ചിയില്‍ നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.

അഴിമതിയും സ്വജനപക്ഷപാതവുമാണ് ഈ രണ്ട് മുന്നണികളുടേയും മുഖമുദ്ര. ഒത്തുതീര്‍പ്പ് രാഷ്ട്രീയവും പരസ്പര സഹകരണവുമായി യുഡിഎഫും എല്‍ഡിഎഫും കേരളത്തെ കൊള്ളയടിക്കുകയാണ്. ഇന്ത്യയിലെ ജീവിക്കാന്‍ കൊള്ളാത്ത സംസ്ഥാനമായി ഇവര്‍ കേരളത്തെ മാറ്റി. മതഭീകരവാദത്തിന്റെ കേന്ദ്രമായി കേരളം മാറിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി ക്രൈസ്തവര്‍ക്ക് ആശംസകള്‍ കൈമാറിയപ്പോഴേക്കും ഇടത്-വലത് മുന്നണികള്‍ അസ്വസ്ഥരാവുന്നുവെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന മന്ത്രി അസ്വസ്ഥമാവുന്നത് ബംഗാളിനെ പോലെ കേരളത്തിലും ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് ഭരിക്കാമെന്ന ധാരണയിലാണ്. ഏതെല്ലാം എതിര്‍പ്പുകളുണ്ടായാലും സ്‌നേഹയാത്ര മുന്നോട്ട് പോവുക തന്നെ ചെയ്യും. മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടി ഇടപെട്ട ഒരേ ഒരു പ്രധാനമന്ത്രി മോദിയാണ്. കോണ്‍ഗ്രസിനും സിപിഎമ്മിനും മുസ്ലിംങ്ങള്‍ വോട്ട് ബാങ്കാണെങ്കില്‍ ബിജെപിക്ക് അവര്‍ തുല്യരായ മനുഷ്യരാണ്. അതു കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി ദില്ലിയിലെ ക്രൈസ്തവ ദേവാലയത്തില്‍ പോയപ്പോള്‍ അതിന്റെ പ്രത്യാഘാതമുണ്ടായത് കേരളത്തിലെ ഇടത്-വലത് മുന്നണികളിലാണ്. വികസനത്തിന്റെ കാര്യത്തില്‍ ഏത് ചര്‍ച്ചക്കും പിണറായി വിജയനെ ബിജെപി വെല്ലുവിളിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് നടപ്പിലാക്കിയത് 60 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് സാധിക്കാത്ത കാര്യങ്ങളാണ്. കേരള സര്‍ക്കാരിന്റെ അലംഭാവം കൊണ്ടാണ് പല കേന്ദ്ര പദ്ധതികളും പാഴാവുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പരാജയമാണ് പല കേന്ദ്ര പദ്ധതികളും ജനങ്ങളിലെത്താതിരിക്കാന്‍ കാരണം. മോദിയല്ല പിണറായി വിജയനാണ് ക്രിസ്ത്യന്‍ വിശ്വാസികളോട് പ്രായ്ശ്ചിത്വം ചെയ്യേണ്ടത്. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചത് അദ്ദേഹമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

error: Content is protected !!