തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മരുന്ന് സംഭരണശാലയില്‍ തീയണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യും. നേത്രദാന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ചെങ്കല്‍ചൂള ഫയര്‍ സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം ചാക്ക സ്റ്റേഷനിലും പൊതുദര്‍ശനം ഉണ്ടാകും. സംസ്‌കാരം ഉച്ചയ്ക്കുശേഷം ആറ്റിങ്ങലിലെ വീട്ടുവളപ്പില്‍ നടക്കും. ചാക്കയില്‍ നിന്ന് മൃതദേഹം വിലാപയാത്രയായി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകും.
ചാക്ക ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാനായ ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്ത് (32) ആണ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ടത്. തീയണക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് പാളിക്കടിയില്‍പ്പെട്ട രഞ്ജിത്തിനെ ഏറെ നേരം പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും 3.50 ന് മരണപ്പെടുകയായിരുന്നു.