മാമാങ്കോത്സവത്തിന് കുറ്റൂർ കെ.എം.ഹയര്‍ സെക്കന്ററി സ്‌കൂള്‍

Copy LinkWhatsAppFacebookTelegramMessengerShare

വേങ്ങര: മാമാങ്ക മഹോത്സവത്തില്‍ പങ്കെടുക്കാനും കൂടുതല്‍ അറിവുകള്‍ നേടാനും സാധിച്ച സന്തോഷത്തിലാണ് കുറ്റൂര്‍ നോര്‍ത്ത് കെ എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ നിന്നും അറുപത്തിരണ്ടോളം വിദ്യാര്‍ത്ഥികളാണ് മാമാങ്കം നടന്ന വാര്‍ഷിക ദിനമായ മാഘ മകം ദിനത്തില്‍ നിളാതീരത്തെത്തിയത്.

മാമാങ്ക തിരുശേഷിപ്പുകളായ മണിക്കിണര്‍, പുരാവസ്തു സംരക്ഷിത സ്മാരകമായ നിലപാടുതറ, മരുന്നറ എന്നിവയും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. ഗൈഡ് ഉമ്മര്‍ ചിറയ്ക്കലിന്റെ ക്ലാസ്സുകൂടിയായപ്പോള്‍ കേരള ചരിത്രത്തിലെ ഒരു പ്രധാന ഏടിലൂടെ അനായാസം കടന്നുപോകാന്‍ കുട്ടികള്‍ക്ക് സാധിച്ചു.

പിന്നീട് ജേര്‍ണി ടു ഗ്രാന്റ് ഹെറിടേജ് പ്രോഗ്രാമുമായി കേരള കലാമണ്ഡലം, വള്ളത്തോള്‍ സ്മാരകം, വരിക്കാശ്ശേരി മന എന്നിവിടങ്ങളിലേക്ക് യാത്ര തിരിച്ചു. കലാമണ്ഡലത്തിലെ അന്തരീക്ഷം, തല്‍സമയ ക്ലാസ്സുകള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ സാകൂതം നിരീക്ഷിച്ചു. ഭൂതകാലത്തിലെ ഒരു നാടിന്റെ പാരിസ്ഥിതിക സാമൂഹിക സാംസ്‌കാരിക മേഖലയില്‍ മുഖ്യപങ്കു വഹിച്ച വരിക്കാശ്ശേരി മനയും ചുറ്റുപാടും വിദ്യാര്‍ത്ഥികളില്‍ ചരിത്രാന്വേഷണത്തിന്റെ ഗതി നിര്‍ണയത്തിന് ആക്കം കൂട്ടുക തന്നെ ചെയ്തു.

അഞ്ച് മുതല്‍ ഒമ്പത് ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ചരിത്രാന്വേഷണം, കലാസ്വാദനം, പ്രകൃതി നിരീക്ഷണം ഇവയെ മുന്‍നിര്‍ത്തി ‘ഒരിക്കല്‍ ഒരിടത്ത്’ എന്ന പേരില്‍ സംഘടിപ്പിച്ച ഈ കലാസാംസ്‌കാരിക പഠനയാത്രക്ക് സംഗീത പി, ഷൈജു കാക്കഞ്ചേരി, ജോഷിത്ത് പി, ഷംന പി, സ്മിത കെ, മിനി ടി ആര്‍, ശ്രുതി അജിത് എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന് നടത്തിയ യാത്രാ വിവരണ മത്സരത്തില്‍ തുഹ്ഫ പി.പി, ഫാത്തിമ മര്‍ഹ, ശ്രദ്ധ സി, ഗൗരി കൃഷ്ണ കെ.പി, ദിയ എ.പി, അനുപ്രഭ എ എന്നീ വിദ്യാര്‍ത്ഥികള്‍ വിജയികളായി.

പ്രധാനാധ്യാപകന്‍ ഗിരീഷ് കുമാര്‍ പി.സി, ഡെപ്യൂട്ടി എച്ച് എം ഗീത എസ്, പി ടി എ പ്രസിഡന്റ് മൊയ്തീന്‍ കുട്ടി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍, അനദ്ധ്യാപകര്‍ എന്നിവര്‍ ആശംസ നല്‍കി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!