തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞതിനെ തുടർന്ന് മന്ത്രി എം.വി.ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇ.പി.ജയരാജന്‍ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും നിലവില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദന്‍.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്‌ലാറ്റില്‍ എത്തിയത്. തുടര്‍ന്ന് ചേര്‍ന്ന് സംസ്ഥാന കമ്മിറ്റിയിലാണ് പുതിയ സെക്രട്ടറി തീരുമാനം.
കെഎസ്‌വൈഎഫ് പ്രവര്‍ത്തകനായാണ് ഗോവിന്ദന്‍ സിപിഐഎമ്മിലേക്കു വരുന്നത്. തുടര്‍ന്ന് കെഎസ്‌വൈഎഫിന്റെ ജില്ലാ പ്രസിഡന്റായി. മൊറാഴ സ്‌കൂളിലെ കായിക അധ്യാപക ജോലി രാജിവച്ചാണ് സിപിഐഎമ്മിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര്‍ ടൂറിസം സൊസൈറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. എണ്‍പതുകളില്‍ ഡിവൈഎഫ്‌ഐ. സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇ.പി.ജയരാജന്‍ വെടിയേറ്റ് ചികിത്സയിലായപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയുടെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്.
മൊറാഴയിലെ കെ.കുഞ്ഞമ്പുവിന്റേയും മീത്തിലെ വീട്ടില്‍ മാധവിയുടേയും ആറു മക്കളില്‍ രണ്ടാമന്‍. തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സണായിരുന്ന പി.കെ.ശ്യാമളയാണ് ഭാര്യ: ശ്യാംജിത്ത്, കുട്ടന്‍ എന്നിവര്‍ മക്കള്‍.