കൊവിഡ്; ആരോഗ്യ വകുപ്പ് ഹോം ഐസൊലേഷനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഹോം ഐസൊലേഷനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും ലഘുവായ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായ കോവിഡ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വീടുകളില്‍ തന്നെ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ ഇരുന്നാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗിക്ക് മാത്രമായി ഉപയോഗിക്കാന്‍ പ്രത്യേക മുറിയും ശുചിമുറിയും ഉണ്ടാകണം. രോഗി വീട്ടിലെ പൊതു ഇടങ്ങള്‍ ഉപയോഗിക്കുകയോ, പത്രങ്ങള്‍, ടെലിവിഷന്‍ റിമോട്ട് തുടങ്ങിയ സാധനങ്ങള്‍ കൈമാറി ഉപയോഗിക്കുകയോ ചെയ്യരുത്. വീട്ടിലെ മറ്റ്  അംഗങ്ങള്‍ സമ്പര്‍ക്ക വിലക്കില്‍  കഴിയേണ്ടതുമാണ്. രോഗിയെ പൂര്‍ണ സമയവും പരിപാലിക്കാന്‍  ആരോഗ്യമുള്ള ഒരാള്‍ ഉണ്ടാകണം.


വൈദ്യസഹായം തേടേണ്ടത് എപ്പോള്‍

സ്വയം നിരീക്ഷിക്കുക. രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടുക. കുറയാതെ തുടരുന്ന കടുത്ത പനി ( മൂന്നു ദിവസമായി 100 ഡിഗ്രിയി കൂടുതല്‍), ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, ഓക്‌സിജന്‍ സാച്ചുറേഷനിലുള്ള കുറവ്  (ഒരു മണിക്കൂറിനുള്ളില്‍ നടത്തിയ ചുരുങ്ങിയത് മൂന്നു റീഡിങ്ങുകളില്‍ എസ്പിഒ2 93 ശതമാനത്തില്‍ കുറവോ അല്ലെങ്കില്‍ ശ്വാസോച്ഛാസ നിരക്ക് ഒരു മിനിറ്റില്‍ 24 ല്‍ കൂടുതലോ), നെഞ്ചില്‍ നീണ്ടു നില്‍ക്കുന്ന വേദന/മര്‍ദ്ദം, ആശയക്കുഴപ്പം, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, കടുത്ത ക്ഷീണവും പേശീവേദനയും.

പരിപാലകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

രോഗിയുമായോ, രോഗിയുള്ള സാഹചര്യങ്ങളുമായോ ഇടപെടേണ്ടി വന്നാല്‍ കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക, 40 സെക്കന്റെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകുകയോ, ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം, വെള്ളമുപയോഗിച്ച് കൈ കഴുകിയതിനു ശേഷം ഒറ്റതവണ ഉപയോഗിച്ചു കളയാവുന്ന പേപ്പര്‍ ടവലുകളോ, വൃത്തിയുള്ള തുണികൊണ്ടുള്ള ടവലുകളോ ഉപയോഗിച്ചു കൈ തുടയ്ക്കുകയും  നനഞ്ഞ ടവലുകള്‍ മാറ്റുകയും ചെയ്യുക, ഗ്ലാസ്സ് ധരിക്കുന്നതിനു മുന്‍പും ശേഷവും കൈ കഴുകുക, രോഗ ബാധിതരോടൊപ്പമുള്ള സമയത്ത് എന്‍ 95 മാസ്‌ക്കോ, ഡബിള്‍ മാസ്‌കോ ഉപയോഗിക്കുക, മാസ്‌കിന്റെ മുന്‍വശം സ്പര്‍ശിക്കരുത്, മാസ്‌ക് നനയുകയോ ,മലിനമാവുകയോ ചെയ്താല്‍ ഉടനടി മാറ്റി പുതിയത് ധരിക്കുക, ഉപയോഗിച്ച മാസ്‌ക് കഷ്ണങ്ങളായി മുറിച്ച് 72 മണിക്കൂറെങ്കിലും ബാഗില്‍ സൂക്ഷിച്ച ശേഷം നിര്‍മാര്‍ജ്ജനം ചെയ്യുക,       മാസ്‌ക് കൈകാര്യം ചെയ്തതിനു ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, മുഖം, മൂക്ക്, വായ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക
 രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക, ഒറ്റതവണ ഉപയോഗിക്കാവുന്ന ഗ്ലാസ്സ് ധരിക്കുക, രോഗി ഉപയോഗിച്ച പാത്രങ്ങള്‍, പാനീയങ്ങള്‍, ടവലുകള്‍, ബെഡ് ഷീറ്റ് എന്നിവയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, രോഗിക്കുള്ള ഭക്ഷണം മുറിയില്‍ എത്തിക്കുക, രോഗി ഉപയോഗിച്ച പാത്രങ്ങള്‍ ഗ്ലാസ്സ് ധരിച്ചുകൊണ്ട് സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക,  രോഗി ഉപയോഗിച്ച വസ്തുക്കള്‍ കൈകാര്യം ചെയ്തതിനു ശേഷവും,  ഗ്ലൗസ് അഴിച്ചതിനു ശേഷവും കൈകള്‍ വൃത്തിയായി കഴുകുക


ഹോം ഐസൊലേഷനിലുള്ള മിതമായ ലക്ഷണങ്ങളുള്ള/ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ക്കുള്ള ചികിത്സ
 

ചികിത്സിക്കുന്ന ഡോക്ടറുമായി ആശയവിനിമയം നിലനിര്‍ത്തുക, ആരോഗ്യനില വഷളാകുന്ന പക്ഷം റിപ്പോര്‍ട്ട് ചെയ്യുക, അനുബന്ധ രോഗങ്ങള്‍ക്കും മറ്റു രോഗങ്ങള്‍ക്കുമുള്ള ചികിത്സ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തുടരുക, ഇ സഞ്ജീവനി പോലുള്ള ടെലികണ്‍സല്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുക,

പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ തുടരുക,  ദിവസം മൂന്നു നേരം ചൂടുവെള്ളം കവിള്‍കൊള്ളുകയോ, ആവി പിടിക്കുകയോ ചെയ്യുക, 650 എം.ജി പാരസെറ്റമോള്‍ നാലു നേരം വീതം കഴിച്ചിട്ടും പനി നിയന്ത്രണ വിധേയമായില്ലെങ്കില്‍ ചികിത്സിക്കുന്ന  ഡോക്ടറെ അറിയിക്കുക,  സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങള്‍ അവഗണിക്കുക,  ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെ മരുന്നു കഴിക്കുകയോ, രക്തം പരിശോധിക്കുകയോ എക്‌സ് റേ, സി.റ്റി സ്‌കാന്‍ എന്നിവ നടത്തുകയോ ചെയ്യരുത്, സ്വന്തം ഇഷ്ടപ്രകാരം സ്റ്റിറോയിഡുകള്‍ കഴിക്കരുത്. അത് മറ്റു സങ്കീര്‍ണ്ണതകള്‍ക്ക് വഴിയൊരുക്കും. ഡോക്ടറുടെ കുറിപ്പടികള്‍ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക, ഓക്‌സിജന്‍ സാചുറേഷന്‍ കുറയുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക എന്നിവയുണ്ടായാല്‍ ഉടനടി ചികിത്സ തേടണം.

രോഗികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍


കുടുംബാംഗങ്ങളില്‍ നിന്ന് അകലം പാലിക്കുക, വായു സഞ്ചാരമുള്ള മുറിയില്‍ താമസിക്കുക, എല്ലായ്‌പ്പോഴും എന്‍95 മാസ്‌ക്കോ, ഡബിള്‍ മാസ്‌ക്കോ ഉപയോഗിക്കുക, വിശ്രമിക്കുക, ധാരാളം പാനീയങ്ങള്‍ കുടിക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും, വെള്ളവും ഉപയോഗിച്ച് കഴുകുക/സാനിറ്റൈസ് ചെയ്യുക, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ആരുമായും പങ്കുവയ്ക്കരുത്,  ഇടയ്ക്കിടെ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ സോപ്പ് / ഡിറ്റര്‍ജന്റ്,വെള്ളം എന്നിവ ഉപയോഗിച്ചു വൃത്തിയാക്കുക, ഓക്‌സിജന്റെ അളവ്,ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കുക.

ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കേണ്ടത് എപ്പോള്‍

കൊവിഡ് പോസിറ്റീവായതിന്  ശേഷം ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും പിന്നിടുകയോ തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ പനി ഇല്ലാതിരിക്കുകയോ ചെയ്താല്‍ ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം. മാസ്‌ക് ധരിക്കുന്നത് തുടരുക,  ഹോം ഐസൊലേഷന്‍ കാലാവധി കഴിഞ്ഞതിനു ശേഷം വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ല, രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ രോഗലക്ഷണങ്ങള്‍  ഇല്ലെങ്കില്‍പോലും സ്വയം രോഗനിരീക്ഷണത്തില്‍ തുടരണം.


error: Content is protected !!