കോഴിക്കോട്ടെ ബസപകടം : സ്വകാര്യ ബസുകളില്‍ വ്യാപക പരിശോധന ; 30 ബസുകള്‍ക്കെതിരെ നടപടി

കോഴിക്കോട് : നഗരമധ്യത്തില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നാലെ നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടര്‍ എന്‍ഫോഴ്‌സ്‌മെന്റ് നേതൃത്വത്തില്‍ വ്യാപക പരിശോധന. 30 ബസുകള്‍ക്കെതിരെ നിയമലംഘനത്തിനു നടപടിയെടുത്തു. 5 ബസുകള്‍ക്ക് സാങ്കേതിക തകരാര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സ്റ്റോപ് മെമ്മോ നല്‍കിയതായി ആര്‍ടിഒ പി.എ.നസീര്‍ പറഞ്ഞു. കോഴിക്കോട് അരയിടത്ത് പാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് 50 ലധികം പേര്‍ക്ക് പരിക്ക് പറ്റുകയും ഒരു യുവാവ് മരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരിശോധന.

ഇന്നലെ രാവിലെ പൊലീസും മോട്ടര്‍ വാഹന ഉദ്യോഗസ്ഥരും സംയുക്തമായി അരയിടത്തുപാലം അപകട സ്ഥലം പരിശോധിച്ചു. പാലത്തില്‍ വരുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ചു പിഡബ്ല്യുഡി വിഭാഗത്തിന് ഇന്നു റിപ്പോര്‍ട്ട് നല്‍കും.

അതേസമയം നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് വേഗപരിധി 35 കിലോ മീറ്ററാണെങ്കിലും ഭൂരിപക്ഷം ബസുകളും അമിത വേഗത്തിലാണ് സര്‍വീസ് നടത്തുന്നതെന്നു പരാതിയുണ്ട്. നഗരത്തില്‍ ഇരുചക്രവാഹനം, കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മറ്റു വാഹനങ്ങളെ മറികടക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ഡ്രൈവിങ്, അമിതമായി ഹോണ്‍ മുഴക്കല്‍ എന്നിവ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു മോട്ടര്‍ വാഹന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സിറ്റി പരിധിയില്‍ ബസുകള്‍ മറ്റു വാഹനങ്ങളെ മറികടക്കുക, അനാവശ്യമായി ചെറിയ വാഹനങ്ങളെ യാത്ര തടസ്സപ്പെടുത്തുക എന്നിവയ്‌ക്കെതിരെയും അടുത്ത ദിവസങ്ങളില്‍ നടപടി ഉണ്ടാകുമെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

error: Content is protected !!