കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും ; സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി

കോഴിക്കോട് : മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും, എസ്.ഐ.ഒ കേരളയും ചേര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഹല്‍ ബാസ്, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി അന്‍ഫല്‍ ജാന്‍ എന്നിവര്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 2025 ഏപ്രില്‍ 09 ബുധനാഴ്ച്ച വൈകിട്ട് 3 മണി മുതലാണ് ഉപരോധം. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കെതിരായ വംശീയ ഉന്മൂലന നീക്കത്തിന്റെ തുടര്‍ച്ചയാണ്. മുസ്ലിം സമുദായത്തെ ഉന്നം വച്ചുകൊണ്ട് സംഘപരിവാര്‍ ഭരണകൂടം കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിയമം, ഏകസിവില്‍ കോഡ് തുടങ്ങിയ നിയമങ്ങളുടെ തുടര്‍ച്ചയാണീ വഖഫ് ഭേദഗതി നിയമവും എന്നതില്‍ യാതൊരു സംശയവുമില്ല. മുസ്ലിം സമുദായം സ്വന്തമായി അധ്വാനിച്ചുണ്ടാക്കുകയും ദൈവപ്രിതി ലക്ഷ്യം വെച്ച് സാമൂഹ്യ പുരോഗതിക്കായി ദാനം നല്‍കുകയും ചെയ്ത വഖഫ് സ്വത്തുക്കള്‍ അന്യായമായി കൈയേറാനുള്ള ആര്‍.എസ്.എസ് നീക്കമാണ് നിയമനിര്‍മാണത്തിലൂടെ നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്തത് കര്‍സേവകരാണെങ്കില്‍ മുസ്ലിം സമുദായത്തിനവകാശപ്പെട്ട ആയിരക്കണക്കിന് പള്ളികളെയും വസ്തുവകകളെയും നിയമം മൂലം കൈക്കലാക്കാനുള്ള വംശീയ പദ്ധതിയാണ് വഖ്ഫ് ഭേദഗതി ബില്‍. അതിനാല്‍ തന്നെ മുസ്ലിം സമുദായത്തിന്റെ അസ്ഥിത്വത്തെ തകര്‍ക്കുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിനു സോളിഡാരിറ്റിയും എസ്‌ഐഒവും നേത്യത്വം നല്‍കുമെന്ന് ഇരുവരും പറഞ്ഞു.

മുസ്ലിം സമുദായത്തിന്റെ ഭരണഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള വംശീയ ഭരണകൂടത്തിന്റെ കയ്യേറ്റത്തെ ജനാധിപത്യ രീതിയിലുള്ള എല്ലാ പ്രക്ഷോഭ സാധ്യതകളേയും ഉപയോഗപ്പെടുത്തി ചെറുത്ത് തോല്‍പ്പിക്കുക ചെയ്യും. ജനാധിപത്യ സംവിധാനങ്ങള്‍ വംശീയ നടപ്പാക്കാനുള്ള ഭരണകൂട ഉപകരണങ്ങളാകുമ്പോള്‍ നീതിക്ക് വേണ്ടി തെരുവില്‍ പ്രതിരോധം തീര്‍ക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഹല്‍ ബാസ്, സോളിഡാരിറ്റി മലപ്പുറം ജനറല്‍ സെക്രട്ടറി, എസ്‌ഐഒ മലപ്പുറം ജില്ലാ പ്രസിഡന്റ് അസ്ലം പള്ളിപടി, എസ്‌ഐഒ സംസ്ഥാന സെക്രട്ടറി അസ്നഹ് താനൂര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

error: Content is protected !!