KSEB ചേളാരി സെക്ഷനിൽ നിന്നും 2500 ഉപഭോക്താക്കളെ വള്ളിക്കുന്നിലേക്ക് മാറ്റിയത് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സൗകര്യം പരിഗണിച്ച്: KSEB

മാറ്റം സംബന്ധിച്ച് പത്രങ്ങളിൽ വാർത്ത വന്നതോടെയാണ് kseb ഡിവിഷൻ എൻജിനീയർ വിശദീകരണ പത്രക്കുറിപ്പ് ഇറക്കിയത്

തിരൂരങ്ങാടി: കെ.എസ്.ഇ.ബി. യുടെ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷന് കീഴിലുള്ള ചേളാരി സെക്ഷനിൽ നിന്നും 2500 ഓളം ഉപഭോക്താക്കളെ വള്ളിക്കുന്ന് സെക്ഷനിലേക്ക് മാറ്റിയത് സംബന്ധിച്ച് പത്രമാധ്യമങ്ങളിലും മറ്റും വന്നിട്ടുള്ള വാർത്തകളെ സംബന്ധിച്ച് താഴെ പറയുന്ന വിശദീകരണം നൽകുവാൻ ആഗ്രഹിക്കുന്നു.

ഡിവിഷന് കീഴിലുള്ള 12 സെക്ഷൻ ഓഫീസുകൾ തമ്മിൽ വലിപ്പത്തിലും ഉപഭോക്താക്കളുടെ എണ്ണത്തിലും പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ചേളാരി സെക്ഷനിൽ 29300 ഉപഭോക്താക്കൾ ഉണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത വള്ളിക്കുന്ന് സെക്ഷനിൽ 15743 ഉം കുന്നുംപുറം സെക്ഷനിൽ 23284 ഉം തലപ്പാറ സെക്ഷനിൽ 19800 ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. എല്ലാ സെക്ഷനുകളിലും അനുവദിക്കപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ എണ്ണം തുല്യമാണെന്നിരിക്കെ ഉപഭോക്താക്കളുടെ എണ്ണത്തിലും ഭൂവിസ്തൃതിയിലും സെക്ഷനുകൾ തമ്മിൽ ഏറ്റക്കുറച്ചിലുകൾ നിലനിൽക്കുന്നത് കാരണം വലിയ സെക്ഷനുകളിലെ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിലും അവർക്ക് മതിയായ സേവനങ്ങൾ നൽകുന്നതിലും അവിടങ്ങളിലെ ജീവനക്കാർ വലിയ പ്രയാസങ്ങൾ അനുഭവിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ഇതു മൂലം അസംതൃപ്തിയും പ്രയാസങ്ങളും ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.

ഉപഭോക്താക്കളുടെ എണ്ണത്തിലും ഭൂമിശാസ്ത്രപരമായ വിസ്തൃതിയിലും ഈ സെക്ഷനുകൾ തമ്മിൽ നിലനിന്നിരുന്ന പ്രകടമായ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബി.എൽ. ഡയറക്ടർ (ഡിസ്ട്രിബ്യൂഷൻ & n.51) 10.04.2018 ന് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷന് കീഴിലെ വലിയ സെക്ഷൻ ഓഫീസുകളിൽ നിന്ന് തൊട്ടടുത്തുള്ള ചെറിയ സെക്ഷനുകളിലേക്ക് ഉപഭോക്താക്കളെയും അവ ഉൾപ്പെടുന്ന പ്രദേശങ്ങളെയും മാറ്റിക്കൊണ്ട് 3.12.2019 ന് ഈ ഓഫീസിൽ നിന്ന് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചേളാരി സെക്ഷനിൽ നിന്ന് സമീപത്തുള്ള താരതമ്യേന ചെറിയ സെക്ഷനുകളായ വള്ളിക്കുന്ന്, കുന്നുംപുറം, തലപ്പാറ സെക്ഷനുകളിലേക്ക് ഉപഭോക്താക്കളെ മാറ്റിയിട്ടുള്ളത് . ഇതിൽ കുന്നുംപുറം സെക്ഷനിലേക്ക് 2600 ഉം തലപ്പാറ സെക്ഷനിലേക്ക് 1507 ഉം വള്ളിക്കുന്ന സെക്ഷനിലേക്ക് 2486 ഉം ഉപഭോക്താക്കളെയും അവ ഉൾക്കൊള്ളുന്ന പ്രദേശങ്ങളെയും ഇതിനകം തന്നെ മാറ്റിയിട്ടുണ്ട്.

ചേളാരി സെക്ഷൻ ഓഫീസിന് കീഴിൽ 30000 ന് അടുത്ത് ഉപഭോക്താക്കളും വലിയ അളവിൽ ഭൂവിസ്തൃതിയും ഉൾപ്പെടുന്നതിനാൽ ഇവിടെ വൈദ്യുതി തടസ്സവും മറ്റുമായി ബന്ധപ്പെട്ട പരാതികൾ മറ്റു സെക്ഷനുകളെ അപേക്ഷിച്ച് കൂടുതൽ ഉണ്ടാകുകയും അവ പരിഹരിക്കുന്നതിന് താരതമ്യേന കൂടുതൽ സമയമെടുക്കുകയും ചെയ്യാറുണ്ടുണ്ടായിരുന്നു. ഇത് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും പൊതുവെ പ്രയാസമുണ്ടാക്കുന്നതാണ്. ഈ പ്രയാസങ്ങൾ ഏറെക്കുറെ ഒഴിവാക്കുന്നതിനാണ് വള്ളിക്കുന്ന് സെക്ഷനോട് ചേർന്നു കിടക്കുന്ന കൊളത്തോട്-1, ഇരുമ്പോത്തിങ്ങൽ, മാതാപ്പുഴ, അരിപ്പാറ, ചെനക്കലങ്ങാടി, തിരുത്തി, ഒലിപ്രംകടവ് എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളെ ചേളാരി സെക്ഷനിൽ നിന്ന്

വള്ളിക്കുന്ന് സെക്ഷനിലേക്ക് മാറ്റിയത്. ചേളാരി സെക്ഷനെ അപേക്ഷിച്ച് വള്ളിക്കുന്ന് സെക്ഷനിൽ ഉപഭോക്താക്കളുടെ എണ്ണവും ഭൂമിശാസ്ത്രപരമായ വിസ്തൃതിയും കുറവായതിനാൽ വൈദ്യുതി തടസ്സവും മറ്റുമായി ബന്ധപ്പെട്ട പരാതികൾ കൂടുതൽ വേഗത്തിൽ പരിഹരിച്ചു കിട്ടാനുള്ള സാഹചര്യമുണ്ട്. മാതാപ്പുഴ പാലം യാഥാർത്ഥ്യമായിട്ടുള്ളതിനാൽ ഇവിടെ നിന്ന് വള്ളിക്കുന്ന് ഭാഗത്തേക്കുള്ള യാത്രാസൌകര്യങ്ങളും വർദ്ധിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി ബില്ലുകൾ കേരളത്തിൽ ഏതു സെക്ഷനുകളിലും അടയ്ക്കാനുള്ള സംവിധാനമുള്ളതിനാൽ ഈ ഭാഗത്തെ ഉപഭോക്താക്കൾക്ക് ബില്ലുകൾ തുടർന്നും ചേളാരി സെക്ഷനിൽ തന്നെയോ അല്ലെങ്കിൽ കേരളത്തിലെ മറ്റു സെക്ഷനുകളിലോ ഓൺലൈൻ ആയോ അടയ്ക്കാവുന്നതാണ്. ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള സംതൃപ്തിയും സൌകര്യവും കൂടി കണക്കിലെടുത്താണ് ഈ ക്രമീകരണം നടത്തിയിട്ടുള്ളത്.

error: Content is protected !!