
തീരദേശ റോഡ് വഴി പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് നവംബര്‍ ഒന്ന് മുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് ഒട്ടുപുറം, വാഴക്കത്തെരു, ഉണ്യാല്‍, കൂട്ടായി, ആലിങ്ങല്‍, ചമ്രവട്ടം പാലം വഴിയാണ് സര്‍വീസ്. രണ്ട് ബസുകളാണ് ഇരുഭാഗത്തേക്കുമായി സര്‍വീസ് നടത്തുക. നിലവില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ മാത്രമാണ് ഈ റൂട്ടിലുള്ളത്. ജില്ലയിലെ മിക്ക മത്സ്യബന്ധന ഗ്രാമങ്ങളിലൂടെയും ബസ് സഞ്ചാരിക്കും. ഇതിനാല്‍ തീരകേന്ദ്രങ്ങളില്‍ എളുപ്പത്തിലും സമയലാഭത്തിലും എത്തിച്ചേരാം. ഇത് മേഖലയിലെ വിനോദ സഞ്ചാരത്തിനും ആക്കം കൂട്ടും. ഒട്ടേറെ സര്‍വീസുകള്‍ നേരെത്തെ തന്നെയുള്ളതിനാല്‍ തിരൂര്‍, താനൂര്‍ നഗരങ്ങളെയും ബസ് സ്റ്റാന്‍ഡുകളെയും റൂട്ടില്‍ നിന്ന് ഒഴിവാക്കും. തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ അറബിക്കടലിന് സമാന്തരമായാണ് സര്‍വീസ്. ഒട്ടുംപുറം തൂവല്‍തീരം വിനോദസഞ്ചാര കേന്ദ്രവും കനോലി കനാല്‍, പൂരപ്പുഴ എന്നിവ അറബിക്കടലില്‍ സംഗമിക്കുന്നതും അസ്തമയവും യാത്രയില്‍ കാണാം.