തിരുവനന്തപുരം: നെടുമങ്ങാട് രണ്ടു മന്ത്രിമാര്‍ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കില്‍ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങള്‍ക്കു പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാര്‍ഡ് മെമ്പര്‍ എ.എസ്.ഷീജയുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
ഞായറാഴ്ച വൈകിട്ട് നടക്കുന്ന പഴകുറ്റി പാലം ഉദ്ഘാടന ചെയ്യാനായി മന്ത്രി മുഹമ്മദ് റിയാസും മന്ത്രി ജി.ആര്‍.അനിലും എത്തുന്നുണ്ട്. ഇതില്‍ പങ്കെടുക്കാതിരുന്നാലാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നൂറു രൂപ പിഴയീടാക്കുമെന്ന് സിപിഐ വാര്‍ഡ് മെമ്പറുടെ മുന്നറിയിപ്പ്. ചടങ്ങില്‍ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിര്‍ദേശിച്ചു കൊണ്ട് വാട്‌സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്.
”പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആര്‍.അനില്‍ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാര്‍ഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്‌ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തില്‍ എത്തിച്ചേരുക. വരാത്തവരില്‍നിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്” എന്നാണ് വാര്‍ഡ് മെമ്പറുടെ ശബ്ദസന്ദേശം.