താമരപ്പൂ സമരം; സാദിഖലി തങ്ങൾ നിലപാട്‌ വ്യക്തമാക്കണം: സിപിഎം

മലപ്പുറം: കെ റെയിൽ വിരുദ്ധ സമരത്തിന്റെ മറവിൽ ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ സഖ്യത്തെക്കുറിച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ്‌ തങ്ങൾ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപി എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു. ബിജെപി ആസൂത്രണം ചെയ്‌ത സമരം ലീഗ്‌ ഏറ്റെടുക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ദിവസം തിരുനാവായയിൽ കണ്ടത്‌. കുറുക്കോളി മൊയ്‌തീൻ എംഎൽഎയും ലീഗ്‌ ജില്ലാ പഞ്ചായത്തംഗവും തദ്ദേശ സ്ഥാപന മേധാവികളുമാണ്‌  ജില്ലാ പ്രസിഡന്റ്‌ രവി തേലത്ത്‌ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി വേദി പങ്കിട്ടത്‌. കെ പി എ മജീദ്‌ എംഎൽഎയാണ്‌ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടെ മതമൗലികവാദ സംഘടനകളുമായി കൈകോർത്താണ്‌ സമരം. ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ചിഹ്നമായ താമരപ്പൂവും പിടിച്ചുള്ള ലീഗ്‌ നേതാക്കളുടെ ചിത്രം കൗതുകമുണർത്തുന്നതാണ്‌.  
രാജ്യത്ത്‌ ന്യൂനപക്ഷങ്ങളെയാകെ അരക്ഷിതാവസ്ഥയിലേക്ക്‌ തള്ളിവിടുന്ന നടപടികളുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ മുന്നോട്ടു പോകുമ്പോഴാണ്‌ കേരളത്തിൽ ലീഗ്‌ അവരുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്നത്‌. രാജ്യസഭയിൽ ഏക സിവിൽകോഡും ജനസംഖ്യാ നിയന്ത്രണ ബില്ലും അവതരിപ്പിച്ച ദിവസമാണ്‌ ലീഗിന്റെ ബിജെപിയുമായി ചേർന്നുള്ള താമരപ്പൂ സമരം. പൗരത്വ ഭേഭദഗിതി നിയമം നടപ്പാക്കുമെന്ന്‌ ബിജെപി നേതാക്കൾ അർഥശങ്കയ്‌ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌. അങ്ങനെയുള്ള ബിജെപിയുമായി ചേർന്ന്‌ കേരളത്തിലെ സർക്കാരിനെ ദുർബലമാക്കാമെന്നാണ്‌ ലീഗ്‌ കണക്കുകൂട്ടൽ. അതിന്‌ കെ റെയിൽ സമരം മറയാക്കുകയാണ്‌. മുമ്പും ഇത്തരം വഴിവിട്ട നീക്കം കേരളം കണ്ടിട്ടുണ്ട്‌. അതിനെ പുഛിച്ചു തള്ളിയ ചരിത്രമാണ്‌ നാടിനുളളത്‌.
വ്യാജ പ്രചാരണം അഴിച്ചുവിട്ട്‌ ജനങ്ങളെ ആശങ്കയിലാഴ്‌ത്താനാണ്‌ ഈ അവിശുദ്ധ സഖ്യം ശ്രമിക്കുന്നത്‌. തിരുനാവായയിൽ കഴിഞ്ഞ ദിവസം കണ്ടതും അതാണ്‌. കൃഷിയെയും തണ്ണീർത്തടങ്ങളെയും സംരക്ഷിച്ചു മാത്രമേ പദ്ധതി നടപ്പാക്കൂ എന്ന്‌ സർക്കാർ വ്യക്തമാക്കിയതാണ്‌. ഇത്‌ മുഖവിലയ്‌ക്കെടുക്കാതെയാണ്‌ താമര സമരം. ദേശീയപതാ വികസനത്തിനും ഗെയിൽ പൈപ്പ്‌ലൈൻ പദ്ധിക്കുമെതിരെ ഇവർ നടത്തിയ പ്രചാരവേലകൾ നാട്‌ കണ്ടതാണ്‌. ജനങ്ങളുടെ വിശ്വാസം ആർജിച്ച്‌ വികസന പദ്ധതികൾ നടപ്പാക്കുക എന്നതാണ്‌ എൽഡിഎഫ്‌ നയം.  അതിനെ വഴി മുടക്കാൻ അവിശുദ്ധ സഖ്യത്തിന്‌ സാധിക്കില്ലെന്നും ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

error: Content is protected !!