തിരുവനന്തപുരം : മണമ്പൂരില്‍ യാത്രാക്ലേശം സംബന്ധിച്ച പ്രദേശവാസികളുടെ പരാതി നേരില്‍ കേള്‍ക്കാന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ എത്തി. പൊതുമരാമത്ത് റോഡിന് കുറുകെ ദേശീയപാത 66ന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി.
കിളിമാനൂര്‍ -ചാത്തന്‍പാറ -മണമ്പൂര്‍ -വര്‍ക്കല റോഡില്‍ മണമ്പൂര്‍ ക്ഷേത്രത്തിനു പിന്നിലായാണ് പൊതുമരാമത്ത് റോഡിനെ മറികടന്ന് ദേശീയപാത കടന്നുപോകുന്നത്. രണ്ട് റോഡുകള്‍ തമ്മില്‍ ക്രോസിംഗ് വരുന്ന ഇടത്ത് മേല്‍പ്പാലമോ അടിപ്പാതയോ പദ്ധതി രൂപരേഖയിലില്ല എന്നത് പരിശോധിക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ഇരു റോഡുകളിലെയും ഗതാഗതം തടസ്സപ്പെടാത്ത രീതിയില്‍ ദേശീയപാത നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാന്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. ബിജെപി മണമ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടതിന്റ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം.