നന്നമ്പ്ര: കൊടിഞ്ഞി പാലാപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന നന്നമ്പ്ര വെറ്റിനറി ഡിസ്‌പെന്‍സറിയാണ് മറ്റൊരു പ്രദേശത്തേക്ക് മാറ്റുന്നത്. 25 വര്‍ഷമായി സ്ഥാപനം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിക്കുന്നതിനെ തുടര്‍ന്നാണ് ഇവിടെ നിന്ന് സ്ഥാപനം മാറ്റുന്നത്. എന്നാല്‍ സ്ഥാപനം രണ്ടര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കൊടിഞ്ഞിയില്‍ നിന്നും ചെറുമുക്ക് പ്രദേശത്തേക്ക് മാറ്റാനാണ് തീരുമാനം. പുതിയ സ്ഥലത്തും വാടക കെട്ടിടത്തിലേക്കാണ് മാറുന്നത്.
കൊടിഞ്ഞിയില്‍ തന്നെ അനുയോജ്യമായ സ്ഥലവും കെട്ടിടങ്ങളും ഉണ്ടായിരിക്കെ മറ്റു പ്രദേശത്തേക്ക് സ്ഥാപനം മാറ്റുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
നന്നമ്പ്ര പഞ്ചായത്തിലെ 8 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് കൊടിഞ്ഞി പ്രദേശം. ഒട്ടേറെ ക്ഷീരകര്‍ഷകരും ഇവിടെയുണ്ട്. ചെമ്മാട്- കൊടിഞ്ഞി റോഡില്‍ മെയിന്‍ റോഡിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കൊടിഞ്ഞിയിലേക്ക് എല്ലാ ഭാഗത്തു നിന്നും യാത്രാ സൗകര്യമുണ്ടായതിനാല്‍ മറ്റു പ്രദേശത്തുള്ളവര്‍ക്കും സൗകര്യമായിരുന്നു. പുതിയ സഥലത്തേക്ക് മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് എത്തിപ്പെടുക പ്രയാസമായിരിക്കും. കൊടിഞ്ഞിയിലെ ജനപ്രതിനിധികളുടെ അശ്രദ്ധയും അവഗണനയുമാണ് സ്ഥാപനം മാറാന്‍ കാരണമെന്ന ആക്ഷേപവുമുണ്ട്. 25 വര്ഷമായിട്ടും സ്ഥാപനത്തിന് സ്വന്തം കെട്ടിടം ഇതുവരെ ആയിട്ടില്ല. കൊടിഞ്ഞി ചുള്ളിക്കുന്നില്‍ സ്ഥലം എടുത്തിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ആയിട്ടില്ല. നേരത്തെ കൊടിഞ്ഞി എരുംകുളത്ത് കെട്ടിടം ഉണ്ടാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. സ്ഥാപനം പ്രദേശത്തു തന്നെ നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.