അര്‍ജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല, മതസ്പര്‍ധ ഉണ്ടാക്കാന്‍ പ്രവര്‍ത്തിച്ചിട്ടില്ല, കേസില്‍ കുടുക്കിയാലും ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കും : ലോറി ഉടമ മനാഫ്

കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് ലോറി ഉടമ മനാഫ്. മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. അര്‍ജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. കേസില്‍ കുടുക്കിയാലും ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കും. ജനങ്ങളുടെ വികാരം തന്റെ നിയന്ത്രണത്തിലല്ല. അര്‍ജുന്റെ കുടുംബത്തെ ആക്രമിക്കരുതെന്നാണ് സമൂഹത്തോട് ആവശ്യപ്പെട്ടത്. അര്‍ജുനെ കാണാതായത് മുതല്‍ കുടുംബത്തിന് അനുകൂലമായാണ് നില്‍ക്കുന്നത്. തനിക്കെതിരെ കേസെടുത്ത് ജയിലിലടച്ചാലും കുടുംബത്തിനൊപ്പം നില്‍ക്കും. ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ല. അര്‍ജുന്റെ മൃതദേഹം കിട്ടിയതോടെ സമാധാനം ലഭിക്കുമെന്ന് വിചാരിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ തുടരുകയാണെന്നും ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മനാഫ് പറഞ്ഞു.

അര്‍ജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയില്‍ സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തി ചേവായൂര്‍ പൊലീസാണ് ലോറി ഉടമ മനാഫിനെതിരെ കേസെടുത്തത്. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനാഫ് മുതലെടുത്തെന്ന് എഫ്‌ഐആറില്‍ പറയുന്നു.

സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരെ ഇന്നലെ കോഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു.

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം ഇന്നലെ രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ മനാഫും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും നാടകം കളിച്ചുവെന്ന് അര്‍ജുന്റെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അര്‍ജുന്റെ പേരില്‍ മനാഫ് യുട്യൂബ് ആരംഭിച്ചുവെന്നും പണപ്പിരിവ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ഇതോടെ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായി. അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിനെതിരെയാണു രൂക്ഷമായ ആക്രമണം.

മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. ‘കാര്യങ്ങളെ വികാരപരമായി സമീപിക്കുന്ന ആളാണ് ഞാന്‍. മോശമായിപ്പോയെങ്കില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ദൗത്യത്തിന്റെ മഹത്വം ചെളിവാരിയെറിഞ്ഞ് ഇല്ലാതാക്കരുതെന്നാണ് പറയാനുള്ളതെന്ന് മനാഫ് പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിനെതിരായ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!