
കോഴിക്കോട് : ‘ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍കോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനം വന്‍ വിജയമാക്കാന്‍ കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു.
പുതുതായി രണ്ട് മദ്റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10948ആയി. അല്‍ഹയാത്ത് ഇംഗ്ലീഷ് സ്കൂള്‍ മദ്റസ കടവല്ലൂര്‍ (തൃശൂര്‍), മദ്റസത്തു തഖ്വ തെങ്ങുംവളപ്പ്, മലയരികില്‍ (പാലക്കാട്) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങളുടെ പ്രകാശനവും സെമിനാറും ഈ മാസം 22ന് രാവിലെ 9 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചു.
സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായുള്ള എട്ടാമത് ഫണ്ട് സമാഹരണത്തിന് സഹകരിച്ചവരെയും സഹായിച്ചവരെയും യോഗം അഭിനന്ദിച്ചു. സമാഹരിച്ച തുകകള്‍ ഓഫീസില്‍ ലഭ്യമാക്കാത്ത മദ്റസകള്‍ എത്രയും പെട്ടെന്ന് തുക അടക്കേണ്ടതാണെന്ന് യോഗം നിര്‍ദ്ദേശിച്ചു. കൈത്താങ്ങ് പദ്ധതിയില്‍ നിന്നും വിവിധ സ്ഥാപനങ്ങള്‍ക്ക് 24ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിച്ചു.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങല്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ഹംസ മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.